ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്നു

മുതിർന്ന കരസേന കമാൻഡര്‍മാരുടെ രണ്ടു ദിവസത്തെ യോഗം ഇന്ന് ഡൽഹിയിൽ ചേരും

Update: 2020-05-27 01:25 GMT

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്നു. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് പ്രതിരോധ മന്ത്രാലയം. മുതിർന്ന കരസേന കമാൻഡര്‍മാരുടെ രണ്ടു ദിവസത്തെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. അതിർത്തിയിലെ സ്ഥിതിഗതികൾകേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് സൈനിക മേധാവിമാരുമായി ചർച്ച ചെയ്തു.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണാർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ കൂടുതൽ ഇന്ത്യൻ-ചൈനീസ് സേനകൾ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തിയിൽ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനീകരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗൽവാൻ നദീതാഴ്വരയിലെ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചിരുന്നു. ചൈനയും അവരുടെ അതിർത്തിയിൽ നിർമ്മാണങ്ങൾ നടത്തിയിരുന്നു. അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ മൂന്ന് സേനാത്തലവൻമാരും പ്രതിരോധ മേധാവി ബിപിൻ റാവത്തും ഇന്നലെ പ്രതിരോധ മന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ച നടത്തിയിരുന്നു.

ലഡാക്കിലും നേപ്പാൾ അതിർത്തിയിലും ഈയിടെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലവും യോഗം ചർച്ച ചെയ്തു. അതേസമയം,ഇന്ത്യൻ കരസേന കമാൻഡർമാരുടെ ദ്വിദിന യോഗം ഇന്ന് തുടങ്ങും. രണ്ടു ഘട്ടങ്ങളിലായാണ് യോഗം നടക്കുക. അടുത്തത് ജൂൺ മാസം അവസാനം നടക്കും. ഏപ്രിൽ മാസത്തിൽ നടക്കേണ്ട കൂടിക്കാഴ്ചയാണ് കോവിഡിനെ തുടർന്ന് മാറ്റിവെച്ചത്. കുറച്ചു നാളായി നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധവും ഉലഞ്ഞിരിക്കുകയാണ്. ലിപു ലേഖ് പാസിൽ റോഡ് നിർമ്മിച്ചതാണ് പ്രശ്നങ്ങളുടെ കാരണം.

Tags:    

Similar News