'സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചുപൂട്ടും; ട്വീറ്റുകള്‍ക്ക് ഫാക്ട്‌ചെക്ക് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ട്രംപിന്റെ ഭീഷണി
ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ ഫാക്ട്‌ചെക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി
സമൂഹമാധ്യമങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ ഫാക്ട്‌ചെക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ട്രംപ് അടുത്തിടെ ചെയ്ത രണ്ട് ട്വീറ്റുകള്‍ തെളിവിന്റെ അടിസ്ഥാനത്തിലല്ലെന്നും തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ട്വിറ്ററിന്റെ ഫാക്ട് ചെക്ക് മുന്നറിയിപ്പ്.
യാഥാസ്ഥിതികരുടെ ശബ്ദങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അടിച്ചമർത്തുകയാണെന്ന തോന്നൽ റിപ്പബ്ലിക്കന്മാർക്കുണ്ട്. ഞങ്ങൾ ശക്തമായി നിയന്ത്രിക്കുകയോ അത്തരത്തിലുള്ളവയെ അടച്ചുപൂട്ടുകയോ ചെയ്യും. അതിനുശേഷം, ഇത്തരം സംഭവങ്ങളുണ്ടാവാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. 2016ൽ അവർ (സോഷ്യൽ മീഡിയ) ചെയ്യാൻ ശ്രമിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണ്. അതിനേക്കാൾ സങ്കീർണമായ ഒന്ന് ഇത്തവണ സംഭവിക്കാൻ അനുവദിക്കില്ല, ട്രംപ് ട്വീറ്റ് ചെയ്യുന്നു.
Republicans feel that Social Media Platforms totally silence conservatives voices. We will strongly regulate, or close them down, before we can ever allow this to happen. We saw what they attempted to do, and failed, in 2016. We can’t let a more sophisticated version of that....
— Donald J. Trump (@realDonaldTrump) May 27, 2020
മെയില്‍ ഇന്‍ ബാലറ്റുകളെ(പോസ്റ്റല്‍ വോട്ട്) സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്. മെയില്‍ ഇന്‍ ബാലറ്റുകളെ വഞ്ചന എന്നാണ് ട്രംപ് അഭിസംബോധന ചെയ്തത്. മെയില്‍ ഇന്‍ ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നാണ് ട്വിറ്റര്‍ പ്രതികരിച്ചത്. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുതകള്‍ അറിയാനുള്ള ലിങ്കും ട്വിറ്റര്‍ നല്‍കിയിരുന്നു. ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അവകാശവാദങ്ങളെ കുറിച്ചുള്ള ഫാക്ട് ചെക്ക് വിവരങ്ങള്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് വേളകളില്‍ ഇത്തരം തെറ്റിദ്ധാരണജനകമായ ട്വീറ്റുകളെ ട്വിറ്റര്‍ വിലക്കാറുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ഇടപെടുന്നുണ്ടെന്നും ഇതിന് അനുവദിക്കില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.