ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതക്ക് തയ്യാറെന്ന് ട്രംപ്
മെയ് ആദ്യ വാരം മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയുണ്ട്...
ഇന്ത്യാ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പ്രശ്‌നത്തില്‍ മധ്യസ്ഥതക്ക് തയ്യാറെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയേയും ചൈനയേയും അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു.
മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. നാകുല പാസില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ടെങ്കിലും പാങോങ് തടാക മേഖലയിലും ഗാല്‍വാന്‍ താഴ്‌വരയിലും പതിനായിരത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിന് സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിരവധി തവണ ഇരു രാജ്യങ്ങളിലേയും ഉന്നതതല സൈനിക കൂടിക്കാഴ്ച്ചകള്‍ നടന്നെങ്കിലും പരിഹാരമായില്ല.
അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ലഡാക്കിന് സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നുവെന്ന ആശങ്ക ഇന്ത്യക്കുമുണ്ട്. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ടിബറ്റില്‍ എന്‍ഗാരി ഗുന്‍സ വിമാനത്താവളത്തിന്റേതാണ് ചിത്രങ്ങള്‍. ഇവിടെ ഹെലികോപ്റ്ററുകളും പോര്‍വിമാനങ്ങളും ഇറക്കാന്‍ രണ്ടാം ടാക്‌സി ട്രാക്കിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.