വംശീയ കൊലപാതകം; പ്രതിഷേധം അലയടിച്ചു, അമേരിക്ക കത്തുന്നു
സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കീഴ്പ്പെടുത്തി കൊലപ്പെടുത്തിയത്
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളം പൊലീസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സംഭവം തെരുവില്‍ കണ്ട ഒരാള്‍ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനക്കുന്നത്. അമേരിക്കന്‍ പൊലീസിന്‍റെ വംശീയ പെരുമാറ്റം ചൂണ്ടാക്കാട്ടി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ 'ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ' എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
അതെ സമയം സംഭവത്തില്‍ നാല് പൊലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി മിനിയോപ്പൊളിസ് പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിഷയത്തില്‍ എഫ്.ബി.ഐ, മിനസോറ്റ ബ്യൂറോ ഓഫ് ക്രിമിനല്‍ അപ്രിഹെന്‍ഷന്‍ എന്നിവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.