പന്നിപ്പനി പേടി; ഇന്ത്യയില്‍ നിന്നുള്ള പന്നി ഇറക്കുമതി ചൈന നിരോധിച്ചു
ഔദ്യോഗികമായി പന്നിപ്പനിയാണ് കാരണമെന്ന് പറയുമ്പോഴും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തേയും വാര്‍ത്തയില്‍ പ്രതിപാദിക്കുന്നുണ്ട്...
പന്നിപ്പനിയെ തടയാനെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള പന്നി, പന്നിയിറച്ചി ഇറക്കുമതി ചൈന നിരോധിച്ചു. ഔദ്യോഗികമായി പന്നിപ്പനിയാണ് കാരണമെന്ന് പറയുമ്പോഴും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തേയും വാര്‍ത്തയില്‍ പ്രതിപാദിക്കുന്നുണ്ട്.
ചൈനയിലെ കാര്‍ഷിക വകുപ്പും കസ്റ്റംസും ചേര്‍ന്ന് ബുധനാഴ്ച്ച പുറത്തിറക്കിയ നോട്ടീസിലാണ് വിവരമുള്ളത്. 'പന്നിയുടേയും അനുബന്ധ പന്നി ഇറച്ചി ഉത്പന്നങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്നു. ചൈനയിലെ മൃഗങ്ങളുടേയും മനുഷ്യരുടേയും സുരക്ഷയെ കരുതി ആഫ്രിക്കന്‍ സൈ്വന്‍ ഫ്‌ളു(പന്നിപ്പനി) തടയുന്നതിന്റെ ഭാഗമായാണ് നടപടി' എന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
ഔദ്യോഗികമായി പന്നിപ്പനിയാണ് നിരോധത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും അതുമാത്രമല്ലെന്ന സൂചനകളാണ് ഗ്ലോബല്‍ ടൈംസ് പത്രം നല്‍കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നാണ് ഗ്ലോബല്‍ ടൈംസ് വാര്‍ത്തയില്‍ പറയുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ നിയമപരമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തികളെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
മെയ് മാസത്തിലാണ് ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ടു ചെയ്തതെന്നും അതിര്‍ത്തി സംസ്ഥാനമായ അസമില്‍ 14000ത്തിലേറെ പന്നികളെ ഇതിന്റെ ഭാഗമായി കൊന്നുവെന്നും ഗ്ലോബല്‍ ടൈംസ് വാര്‍ത്തയിലുണ്ട്. 2018 ആഗസ്തിലാണ് ചൈനയില്‍ നിന്നും പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.