കൊള്ള തുടങ്ങിയാല്‍ വെടിവെപ്പ് തുടങ്ങുമെന്ന് ട്രംപ്, അക്രമം പ്രോത്സാഹിപ്പിക്കില്ലെന്ന് ട്വിറ്റര്‍
തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്റര്‍ വിശദീകരണം. ഇതിനെതിരെയും ട്രംപ് ട്വീറ്റുകളിട്ടിട്ടുണ്ട്...
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ വെടിവെക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് നിയന്ത്രിച്ച് ട്വിറ്റര്‍. ട്രംപിന്റെ ട്വീറ്റിന് പകരം ഈ ട്വീറ്റ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ട്വിറ്ററിന്റെ മുന്നറിയിപ്പാണ് ആദ്യം കാണാനാനാവുക. മുന്നറിയിപ്പ് മറികടന്ന് വായിക്കേണ്ടവര്‍ക്ക് ക്ലിക്ക് ചെയ്താല്‍ ട്വീറ്റ് കാണാനുമാകും. ഇതിനെതിരെ ട്രംപ് പ്രതിഷേധ ട്വീറ്റുകളും ഇട്ടിട്ടുണ്ട്.
തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്റര്‍ വിശദീകരണം. എങ്കിലും ഇതുവരെ ട്വീറ്റ് ഫീഡില്‍ നിന്നും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. ട്രംപിന്റെ ട്വിറ്റര്‍ ഫീഡില്‍ ഈ ട്വീറ്റ് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും പൊതു താത്പര്യം പരിഹണിച്ച് ഇവിടെ നിലനിര്‍ത്തിയിരിക്കുന്നുവെന്നുമാണ് കാണാനാവുക. ട്വിറ്ററിന്റെ ഈ സന്ദേശത്തിനൊപ്പമുള്ള വ്യു എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ട്വീറ്റ് കാണാനാവും.
അതേസമയം ഇത്തരത്തില്‍ തങ്ങളുടെ നയത്തിന് വിരുദ്ധമെന്ന് കരുതുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ തിരച്ചില്‍ ഫലങ്ങളില്‍ ഉള്‍പെടുത്താറില്ല. മാത്രമല്ല എത്ര പേര്‍ ലൈക്ക് ചെയ്‌തെന്നോ ഷെയര്‍ ചെയ്‌തെന്നോ കമന്റ് ചെയ്‌തെന്നോ അറിയാനാവില്ല. കമന്റ് ഭാഗവും ഡിസേബിളായിരിക്കും. അതേസമയം ഈ ട്വീറ്റ് റിട്വീറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും.
'ഈ കൊള്ളക്കാര്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുകയാണ്. ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ടിം വാലസുമായി സംസാരിച്ചു, സൈന്യം അദ്ദേഹത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കും. എപ്പോള്‍ കൊള്ള തുടങ്ങുന്നോ അപ്പോള്‍ വെടിവെപ്പ് ആരംഭിക്കും. നന്ദി!' എന്നാണ് ട്രംപിന്റെ വിവാദ ട്വീറ്റ്.
'കൊള്ള തുടങ്ങിയാല്‍ വെടിവെപ്പ് തുടങ്ങു'മെന്ന പരാമര്‍ശം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അമേരിക്കയില്‍ വിവാദമായതാണ്. മുന്‍ മിയാമി പൊലീസ് മേധാവിയായിരുന്ന വാള്‍ട്ടര്‍ ഹെഡ്‌ലിയാണ് 1967 ഡിസംബറില്‍ ഈ പരാമര്‍ശം ആദ്യം നടത്തിയത്. കറുത്തവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു ഈ പ്രയോഗം. ഷോട്ട് ഗണ്‍, പൊലീസ് നായ്ക്കള്‍ തുടങ്ങി പ്രതിഷേധത്തെ ഏത് മാര്‍ഗ്ഗം പ്രയോഗിച്ചും അടിച്ചമര്‍ത്തണമെന്ന അഭിപ്രായക്കാരനായിരുന്നു വാള്‍ട്ടര്‍ ഹെഡ്‌ലി. 'ഇതിനെ പൊലീസിന്റെ ക്രൂരതയെന്ന് വിശേഷിപ്പിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല' എന്നാണ് ഹെഡ്‌ലി അന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.
ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇപ്പോഴത്തെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നുവെന്ന ട്രംപിന്റെ ട്വീറ്റുകള്‍ക്കായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവെച്ചിരുന്നു. തന്റെ ട്വീറ്റ് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് ട്വിറ്റര്‍ തടഞ്ഞതിനെതിരെ ട്രംപ് പുതിയ ട്വീറ്റുകളും ഇട്ടിട്ടുണ്ട്.