ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ബ്രസീലും
ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 3 ലക്ഷത്തി അറുപത്താറായിരത്തിലധികം പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
അമേരിക്കയില്‍ രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ബ്രസീലില്‍. ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
60 ലക്ഷത്തിഇരുപതിനായിരത്തി 721 കോവിഡ് കേസുകളാണ് ലോകത്താകെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത്. ഇതില്‍ മൂന്ന് ലക്ഷത്തിഅറുപത്താറായിരത്തിഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി. ഇതില്‍ എടുത്ത് പറയേണ്ടത് അമേരിക്കയുടെ കാര്യമാണ്. ആകെ മരണസംഖ്യയില്‍ ഒരുലക്ഷത്തിലധികം പേരും മരിച്ചത് അമേരിക്കയിലാണ്. ഒരുദിവസത്തിനിടെ രാജ്യത്ത് 23843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷത്തിനോടടുക്കുയാണ്. ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം നിര്ത്തലാക്കുകയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു.
ലാറ്റിനമേരിക്കയിലും സ്ഥിതി മാറ്റമില്ലാതെ തന്നെ നിലനില്‍ക്കുകയാണ് .മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ 4 ലക്ഷത്തി 65000ത്തിലധികം രോഗികളാണുള്ളത്. 27878 പേര്‍ രാജ്യത്തിതുവരെ മരിച്ചു. രോഗവ്യാപനത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ ഒരു ദിവസത്തിനിടെ 232 പേര്‍ മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്.
ലോകാരോഗ്യ സംഘടനയും 37 രാജ്യങ്ങളും ചേര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാനായി സഖ്യമുണ്ടാക്കി. വാക്സിന്‍ കണ്ടെത്തുക, ടെസ്റ്റുകളും പരിശോധനയും വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.