ട്രംപിന്റെ വ്യാജ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും പിന്‍വലിച്ചു
മുന്‍പരിചയമില്ലാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഓടിവന്ന് കെട്ടിപിടിക്കുന്ന നിഷ്‌കളങ്കമായ യഥാര്‍ഥ വീഡിയോക്ക് പകരം കറുത്ത കുഞ്ഞ് വെളുത്ത കുഞ്ഞില്‍ നിന്നും ഓടിയകലുന്ന വ്യാജ വീഡിയോയാണ് ട്രംപ് പങ്കുവെച്ചത്...
അമേരിക്കന്‍ പ്രസിഡന്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കണ്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കും ട്വിറ്ററും പിന്‍വലിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ ഓടിവന്ന് കെട്ടിപിടിക്കുന്ന യഥാര്‍ഥ വീഡിയോയെ കറുത്ത കുഞ്ഞ് വെളുത്ത കുഞ്ഞില്‍ നിന്നും ഓടിയകലുന്ന രീതിയില്‍ മാറ്റിയാണ് ട്രംപ് പങ്കുവെച്ചത്. ഇതിനെതിരെ കുട്ടികളില്‍ മാതാപിതാക്കളില്‍ ഒരാള്‍ തന്നെ പകര്‍പ്പവകാശ വാദം ഉന്നയിക്കുകയായിരുന്നു.
പിന്‍വലിക്കുന്നതിന് മുമ്പ് ട്രംപ് പങ്കുവെച്ച വ്യാജ വീഡിയോ ഫേസ്ബുക്കില്‍ നാല്‍പത് ലക്ഷം തവണയും ട്വിറ്ററില്‍ രണ്ട് കോടിയിലേറെ തവണയും കണ്ടിരുന്നു. തീര്‍ത്തും അപരിചിതരായ രണ്ട് കുഞ്ഞുങ്ങള്‍ തെരുവില്‍ വെച്ച് അപ്രതീക്ഷിതമായി ഓടിവന്ന് കെട്ടിപിടിക്കുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലായതാണ്. എന്നാല്‍, ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കറുത്തവര്‍ഗ്ഗക്കാരനായ കുഞ്ഞ് വെളുത്ത കുഞ്ഞില്‍ നിന്നും ഓടിയകലുന്നതാണ് തുടക്കത്തിലുള്ളത്. താഴെ സി.എന്‍.എന്നിന്റെ വ്യാജ സ്‌ക്രോളും എഴുതിക്കാണിക്കുന്നുണ്ട്. 'വംശവെറിയനായ കുഞ്ഞില്‍ നിന്നും ഓടിയകലുന്ന കുട്ടി' എന്നായിരുന്നു വ്യാജവീഡിയോയില്‍ എഴുതി കാണിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ സി.എന്‍.എന്‍ ഈ വീഡിയോയെക്കുറിച്ച് വാര്‍ത്ത ചെയ്തിരുന്നു. പുറംമോടികളില്ലാത്ത കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹപ്രകടനമെന്ന നിലയിലായിരുന്നു സി.എന്‍.എന്‍ വാര്‍ത്തയെന്ന് മാത്രം. കുട്ടികളും രക്ഷിതാക്കളും സി.എന്‍.എന്നിലെ ദ വാന്‍ ജോണ്‍സ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
കുട്ടികളുടെ നിറങ്ങളിലെ വ്യത്യാസം കൊണ്ടായിരിക്കാം വീഡിയോ വൈറലായതെന്നാണ് കഴിഞ്ഞ വര്‍ഷം തന്നെ ഒരു കുഞ്ഞിന്റെ പിതാവായ സിസ്‌നെറോസ് സി.എന്‍.എന്നിനോട് പറഞ്ഞത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ വീഡിയോ ആരുടെയെങ്കിലും മനസു മാറ്റുന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെയെന്ന് കരുതിയാണ് പോസ്റ്റു ചെയ്തതെന്നും സിസ്‌നെറോസ് അന്ന് പറഞ്ഞിരുന്നു.
നേരത്തെ വൈറലായ ഈ വീഡിയോയിലുള്ള കുട്ടികളും മാതാപിതാക്കളും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. 'അയാളുടെ വിദ്വേഷ പ്രചരണത്തിന് ഈ മനോഹര ദൃശ്യം ഇനി ഉപയോഗിക്കില്ല' എന്നാണ് സിസ്‌നെറോസ് കോപി റൈറ്റ് ക്ലൈമിന് ശേഷം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറഞ്ഞത്. സി.എന്‍.എന്നും തങ്ങളുടെ നിലപാട് ട്രംപിന്റെ വ്യാജ വീഡിയോക്ക് താഴെ വ്യക്തമാക്കിയിരുന്നു.
CNN did cover this story - exactly as it happened. Just as we reported your positions on race (and poll numbers). We’ll continue working with facts rather than tweeting fake videos that exploit innocent children. We invite you to do the same. Be better. https://t.co/T1nBtejZta
— CNN Communications (@CNNPR) June 19, 2020