ചൈനീസ് സൈന്യത്തിനെതിരെ അമേരിക്കയുടെ സൈനിക വിന്യാസത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുകയാണെന്ന് മൈക്ക് പോംപിയോ
ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ അമേരിക്ക സൈനികമായി ഇടപെടാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് പോംപിയോയുടെ പ്രഖ്യാപനം
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന ചൈനീസ് സൈന്യത്തിനെതിരെ അമേരിക്കയുടെ സൈനിക വിന്യാസത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ഇതിന്‍റെ ഭാഗമായി ജര്‍മനിയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പകുതിയായി കുറയ്ക്കും. ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ അമേരിക്ക സൈനികമായി ഇടപെടാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് പോംപിയോയുടെ പ്രഖ്യാപനം.
ഇന്ത്യയില്‍ അതിര്‍ത്തിയില്‍ മാത്രമല്ല സൗത്ത് ചൈനാ ഉള്‍ക്കടലില്‍ വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയായി മാറുകയാണെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുമായുള്ള ചൈനയുടെ പ്രശ്‌നങ്ങളെ അമേരിക്ക വിലയിരുത്തി വരികയാണ്. അടിസ്ഥാന പരമായി അതിന് ഒരു ഭീഷണിയുടെ സ്വഭാവമാണുള്ളത്. അപകടകരമായ ഈ അതിര്‍ത്തി തര്‍ക്കത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ചുട്ട മറുപടി ലഭിക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ ഉറപ്പു വരുത്തും. ചില മേഖലകളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം വേണ്ടത്ര ഇല്ലായിരിക്കാം. അത്തരം പ്രദേശങ്ങളിലേക്ക് മറ്റു മേഖലകളിലെ സൈന്യത്തെ പുനര്‍വിന്യസിക്കുന്നതടക്കം അമേരിക്ക അലോചിച്ചു വരികയാണെന്നും പോംപിയോ അറിയിച്ചു.
ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ജനതക്കു തന്നെ ചൈന ഭീഷണിയായി മാറി കഴിഞ്ഞു. ഡൊണള്‍ഡ് ട്രംപ് ഭരണകൂടമാണ് ഇതാദ്യമായി ചൈനയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ച യു.എസ് ഭരണകൂടം. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ചൈനയാണെന്നും അതിനെ ഫലപ്രദമായി നേരിടാനായി സ്വന്തം സൈനിക ശേഷിയെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാവുമെന്ന് അമേരിക്ക പഠിച്ചു വരികയാണെന്നും പോംപിയോ പറഞ്ഞു.