കുഞ്ഞുപെങ്ങളെ നായയില്‍ നിന്നും രക്ഷിക്കുന്നതിനിടെ ഗുരുതര പരിക്ക്, 96 തുന്നലുകള്‍; ധീരതയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
ബാലനായ ബ്രിഡ്ജറുടെ കവിളിലാണ് നായ കടിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 90 തുന്നലുകളോടെ ബ്രിഡ്ജര്‍ സര്‍ജറി പൂര്‍ത്തിയാക്കി.
കുഞ്ഞുപെങ്ങളെ നായയില്‍ നിന്നും രക്ഷിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബാലനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും താരങ്ങളും. ബ്രിഡ്ജര്‍ വാക്കര്‍ എന്ന ആറ് വയസുകാരനെയാണ് അമേരിക്കന്‍ നടിയായ ആന്‍ ഹാത്തവേ അടക്കമുള്ളവര്‍ പ്രശംസിച്ചത്. സാമൂഹിക മാധ്യമങ്ങളും ബ്രിഡ്ജര്‍ വാക്കറുടെ ധീരതയെ ഏറ്റെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 9നാണ് അത്യന്തം സങ്കടകരമായ സംഭവം നടന്നത്. നാല് വയസ് പ്രായമുള്ള കുഞ്ഞുപെങ്ങളെ കടിക്കാന്‍ തുനിഞ്ഞ ഒരു വയസുള്ള ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ നായയെ പ്രതിരോധിക്കുന്നതിനിടെയാണ് ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബാലനായ ബ്രിഡ്ജറുടെ കവിളിലാണ് നായ കടിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 90 തുന്നലുകളോടെ ബ്രിഡ്ജര്‍ സര്‍ജറി പൂര്‍ത്തിയാക്കി. എന്തിനാണ് നായയെ പ്രതിരോധിച്ചത് എന്ന ചോദ്യത്തിന് 'ആരെങ്കിലും ഒരാള്‍ മരിക്കണം. അത് ഞാനായിരിക്കണം എന്ന് തീരുമാനിച്ചു' എന്നാണ് ബ്രിഡ്ജര്‍ മറുപടി നല്‍കിയത്.
ബ്രിഡ്ജറിന്‍റെ ധീരത ലോകമറിഞ്ഞതോടെ കുഞ്ഞ് താരത്തെ പരിചയപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റും വന്നിട്ടുണ്ട്.
അവേഞ്ചേഴ്സ് ആരാധകനാണെന്ന ഇന്‍സ്റ്റാഗ്രാമിലെ വെളിപ്പെടുത്തലാണ് നടി ആന്‍ ഹാത്തവേയുടെ ശ്രദ്ധയില്‍പ്പെടുന്നത്. 'ഞാന്‍ അവന്‍ജര്‍ ഒന്നുമല്ല, പക്ഷേ അവനില്‍ ഞാനൊരു സൂപ്പര്‍ ഹീറോയെ കാണുന്നു' എന്നാണ് ആന്‍ ഹാത്തവേ ബ്രിഡ്ജറിന്‍റെയും സഹോദരിയുടെയും ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
'ബ്രിഡ്ജര്‍, നിന്‍റെ ഈ പ്രായത്തില്‍ എനിക്ക് നിന്‍റെ പകുതി പോലും ധീരതയില്ലായിരുന്നു. നിനക്ക് പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുന്നു'; ആന്‍ ഹാത്തവേ പറഞ്ഞു. ഹാത്തവേയുടെ ബ്രിഡ്ജറെ പ്രശംസിച്ചുള്ള പോസ്റ്റിന് ഒരു മില്യണിന് മുകളില്‍ ലൈക്കുകളും കമന്‍റുകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചിട്ടുള്ളത്.