വളര്‍ത്തുമൃഗങ്ങളെ ഉമ്മ വെക്കാതിരിക്കുക: ബ്രിട്ടണില്‍ പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവായിരിക്കുന്നത്.
ന്യൂയോര്‍ക്കിന് പിന്നാലെ ബ്രിട്ടനിലും വളർത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണിൽ മൃഗങ്ങളിൽ രോഗം കണ്ടെത്തിയ ആദ്യ സംഭവമാണിത്. നേരത്തെ ന്യൂയോര്‍ക്കില്‍ രണ്ടിടത്തായി 2 പൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. അതിന് മുമ്പ് സംസ്ഥാനത്തെ മൃഗശാലയിലെ കടുവകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചത് പുറത്തു വരുന്നത്. ലോകമെമ്പാടും മൃഗങ്ങളിലെ കോവിഡ് ബാധ വളരെ കുറച്ചുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവായിരിക്കുന്നത്. കോവിഡ് ബാധിതര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മവെക്കാനോ, അവയ്‍ക്കൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിക്കാനോ പാടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂച്ചയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ കമ്പാരറ്റീവ് വൈറോളജി വിഭാഗത്തിലെ പ്രൊഫസറായ മാര്‍ഗരറ്റ് ഹോസീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂച്ചയെ നിരീക്ഷിക്കുന്നത്. പൂച്ചയുടെ ഉടമസ്ഥനോട് കൂടൂതല്‍ വൃത്തിയായിരിക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മാര്‍ഗരറ്റ് പറഞ്ഞു. ജലദോഷം മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ കഫം ഒഴിവാക്കി കളയാനായി ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കണമെന്നും അതിന് ശേഷം കൈ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാന്‍ പാടുള്ളൂവെന്നും അവര്‍ നിര്‍ദേശിച്ചു. പൂച്ചകളെ ഉമ്മ വെക്കാന്‍ പാടില്ല, ഉടമയുറങ്ങുന്ന ബെഡ്ഢില്‍ അവര്‍ക്കൊപ്പം വളര്‍ത്തുപൂച്ചകളെ കിടത്തിയുറക്കാന്‍ പാടില്ല, കൂടാതെ അവയ്‍ക്കൊപ്പം ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വളര്‍ത്തുപൂച്ചയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരുന്നതിന് തെളിവുകളില്ലെന്നും അവര്‍ വിശദീകരിച്ചു.