''നിങ്ങളുടെ വായ് ഞാന്‍ ഇടിച്ചു ചതയ്ക്കും'': ഭാര്യയ്ക്ക് നേരെയുയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്‍റ്

ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറും ജെയിര്‍ ബൊല്‍സനാരോയും തമ്മിലാണ് തര്‍ക്കമുണ്ടായത്.

Update: 2020-08-25 04:48 GMT

രാജ്യത്തുയര്‍ന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റിന്‍റെ ഭാര്യയ്ക്കുള്ള ബന്ധത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, ബ്രസീലിയന്‍ പ്രസിഡന്‍റ്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുഖം ഇടിച്ചുതകര്‍ക്കുമെന്നായിരുന്നു ജെയിര്‍ ബൊല്‍സനാരോയുടെ ഭീഷണി. ബ്രസീലിയയിലെ മെട്രോപൊളീറ്റന്‍ കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് ജെയിര്‍ ബൊല്‍സനാരോയ്ക്ക് നേരെ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമുയര്‍ന്നതും, ബോല്‍സൊനാരോ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറും ജെയിര്‍ ബൊല്‍സനാരോയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ബൊല്‍സനാരോയുടെ ഭാര്യ മിഷേലിനും ബൊല്‍സനാരോയുടെ സുഹൃത്തും മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഫാബ്രിയോ ക്വിറോസിനും ബന്ധമുള്ള ഒരു അഴിമതിയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ മാസികയായ ക്രൂസോയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിനെപ്പറ്റി മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതാണ് ബൊല്‍സനാരോയെ പ്രകോപിതനാക്കിയത്.

ചോദ്യം കേട്ടയുടനെ ക്ഷുഭിതനായ ജെയിര്‍ ബൊല്‍സനാരോ മാധ്യമപ്രവര്‍ത്തകനോട് നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞ് നടന്നുനീങ്ങുകയായിരുന്നു. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അവര്‍ക്കും മറുപടി നല്‍കാന്‍ ബൊല്‍സനാരോ തയ്യാറായില്ല.

Tags:    

Similar News