എണ്ണ ചോര്‍ച്ച; മൌറീഷ്യസ് തീരത്ത് ഡോള്‍ഫിനുകള്‍ ചത്തടിയുന്നു
27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്
മൌറിഷ്യസില്‍ ജാപ്പനീസ് ചരക്ക് കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ചയെ തുടര്‍ന്ന് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു. 27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോള്‍ഫിനുകള്‍ ചത്തടിയുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് മൌറീഷ്യസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
''ചത്ത ഡോള്‍ഫിനുകളുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. താടിയെല്ലിന് ചുറ്റും രക്തവും കാണാമായിരുന്നു. എന്നാല്‍ ശരീരത്തില്‍ എണ്ണയുടെ അംശം ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ട ഒരു ഫോള്‍ഫിന്‍ വളരെ ക്ഷീണിതനും നീന്താന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്നുവെന്ന്'' ഫിഷറീസ് മന്ത്രാലയത്തിലെ ജാസ്വിൻ സോക് അപ്പാട് പറഞ്ഞു. ചത്ത ഡോള്‍ഫിനുകളെ പോസ്റ്റ്മോര്‍ട്ടത്തിനായി ആല്‍ബണ്‍ ഫിഷറീസ് റിസര്‍ച്ച് സെന്‍ററിലേക്ക് മാറ്റിയിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പരസ്യമായി പുറത്തുവിടണമെന്ന് പ്രാദേശിക മൗറീഷ്യൻ പരിസ്ഥിതി ഗ്രൂപ്പായ ഇക്കോ-സുഡിന്‍റെ വക്താവ് ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനിടെ ഹാജരാകാൻ ഈ സംഘം ആഗ്രഹിക്കുന്നുവെന്നും അധികാരികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പലില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. ഒരാഴ്ച മുന്‍പാണ് ചോര്‍ച്ച തുടങ്ങിയത്. ചോർച്ചയെ തുടര്‍ന്നുള്ള ആഘാതം കൂടിക്കൊണ്ടിരിക്കുകയാണെന്നും അത് മൗറീഷ്യസിനെയും വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയെയും പതിറ്റാണ്ടുകളായി ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.