അമേരിക്കന്‍ ബാങ്കിംഗ് ഭീമനായ സിറ്റി ബാങ്കിന് ആദ്യമായി വനിത സി.ഇ.ഒ
കഴിഞ്ഞ എട്ട് വര്‍ഷമായി ചുമതല വഹിക്കുന്ന മൈക്കല്‍ കോര്‍ബറ്റ് വിരമിക്കാനൊരുങ്ങുന്നതോടെയാണ് ബാങ്കിന്‍റെ പുതിയ തീരുമാനം
അമേരിക്കയിലെ ബാങ്കിങ് ഭീമനായ സിറ്റി ഗ്രൂപ്പിന്‍റെ ആദ്യ വനിതാ സിഇഒ ആയി നിലവിലെ പ്രസിഡന്‍റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമായിരുന്ന ജെയ്ൻ ഫ്രേസർ ചുമതലയേൽക്കാനൊരുങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ചുമതല വഹിക്കുന്ന മൈക്കല്‍ കോര്‍ബറ്റ് വിരമിക്കാനൊരുങ്ങുന്നതോടെയാണ് ബാങ്കിന്‍റെ പുതിയ തീരുമാനം. സ്കോട്ലൻഡിൽ ജനിച്ച ഫ്രേസർ പതിനാറ് വർഷമായി സിറ്റി ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുന്നു. 19 രാജ്യങ്ങളുമായുള്ള ബിസിനസിന്‍റെ മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന ജേന്‍ ഫ്രേസറിന് ബാങ്കിന്‍റെ മുന്നോട്ടുള്ള വളർച്ചയിൽ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി ഗ്രൂപ്പിന്‍റെ ബോർഡ് ഓഫ് ഡയറക്ടേഴ്സില്‍ ഒരാളായ ജോൺ ദുഗാന് പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന യു.എസ് പ്രതിനിധി സഭാവേളയിൽ രാജ്യത്തെ ബാങ്കിങ് ഭീമന്മാർ ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് വ്യത്യസ്തരായ ആളുകളെ തെരഞ്ഞെടുക്കാത്തതെന്തുകൊണ്ടാണ് എന്ന ചോദ്യം സിറ്റി ബാങ്ക് സിഇഒയായിരുന്ന കോർബറ്റ് ഉൾപ്പെടെയുള്ളവർക്ക് മുമ്പിൽ വന്നുവെങ്കിലും ആരും പ്രത്യക്ഷത്തിൽ മറുപടി നൽകിയിരുന്നില്ല. തൊട്ടടുത്ത വർഷമാണ് അമേരിക്കയുടെ നാലാമത് വലിയ ബാങ്കായ സിറ്റിയുടെ തലപ്പത്ത് ഒരു സ്ത്രീ ചുമതലയേല്‍ക്കുന്നത്.
എന്നാൽ, ലോകമാകെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കോവിഡിന്‍റെ പ്രത്യാഘാതങ്ങളേറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ് സിറ്റി ബാങ്ക്. ഹാർവാർഡ്, കാംബ്രിഡ്ജ് പോലുള്ള ഉന്നത സർവകലാശാലകളിൽ നിന്നുള്ള ബിരുദവും ഏറെ നാളത്തെ അനുഭവസമ്പത്തും ജെയ്ൻ ഫ്രേസറിന് തുണയാകുമെന്ന് പ്രതീക്ഷിക്കാം. "സിറ്റിയുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ സിഇഒ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ അമേരിക്കയിലേക്ക് വരുമ്പോൾ ഈ രാജ്യത്ത് സ്ത്രീകൾക്ക് ലഭിക്കുന്ന സാധ്യതകളെപ്പറ്റി ചിന്തിച്ചിരുന്നു." ജെയ്ൻ ഫ്രേസർ പറയുന്നു.