ട്രംപിന് മാരക വിഷമടങ്ങിയ കത്ത്; അന്വേഷണം തുടങ്ങി

റിസിന്‍ ഉള്ളില്‍ ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.

Update: 2020-09-20 06:58 GMT

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തിനുള്ളിലുണ്ടായിരുന്നത്.

കത്ത് ആര് എവിടെ നിന്ന് അയച്ചു എന്ന അന്വേഷണത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സീക്രട്ട് സര്‍വീസും‍. അമേരിക്കന്‍ പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് നിലവില്‍ ഒരു ഭീഷണിയുമില്ലെന്ന് എഫ്ബിഐ അറിയിച്ചു. കത്ത് വന്നത് കാനഡയില്‍ നിന്നാണെന്നാണ് സൂചനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ പൊലീസ് എഫ്ബിഐയുമായി ചേര്‍ന്ന് ഇക്കാര്യം അന്വേഷിക്കും.

Advertising
Advertising

റിസിന്‍ ഉള്ളില്‍ ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. റിസിന്‍ വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍ ഛര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവ സംഭവിക്കും.

ജൈവായുധമായാണോ റിസിന്‍ ഉപയോഗിച്ചതെന്ന് സംശയമുണ്ട്. ഇതിന് മുന്‍പ് ബറാക് ഒബാമയ്ക്ക് റിസിന്‍ അടങ്ങിയ കത്ത് അയച്ചതിന് മിസിസ്സിപ്പി സ്വദേശിക്ക് 25 വര്‍ഷം തടവ് വിധിച്ചിരുന്നു. 2018ല്‍ വിരമിച്ച നേവി ഉദ്യോഗസ്ഥനും പെന്‍റഗണിലേക്കും വൈറ്റ് ഹൈസിലേക്കും വിഷമടങ്ങിയ കത്തുകള്‍ അയച്ചതിന് പിടിയിലായിരുന്നു.

Tags:    

Similar News