'സമാധാന നൊബേല്‍ എനിക്ക് തന്നെ': ട്രംപ്
സെര്‍ബിയ - കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് ട്രംപ്.
ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ യോഗ്യനെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സെര്‍ബിയ - കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
"കൊസവോയും സെര്‍ബിയയും തമ്മിലുള്ള കൂട്ടക്കുരുതി നമ്മളാണ് അവസാനിപ്പിക്കുന്നത്. അവര്‍ വര്‍ഷങ്ങളായി പരസ്പരം കൊല്ലുകയാണ്. അവരത് അവസാനിപ്പിക്കാന്‍ പോവുകയാണ്. നമുക്ക് ഒത്തുചേരാമെന്ന് ഞാന്‍ അവരോട് പറഞ്ഞു"- എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ട്രംപ് സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വുസിക്കുമായും കൊസവോ പ്രധാനമന്ത്രി അവ്ദുല്ല ഹോതിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ചര്‍ച്ചക്ക് കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ചതിനാണ് ട്രംപിനെ സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തത്. നോര്‍വെ പാര്‍ലമെന്‍റംഗം ക്രിസ്ത്യന്‍ ട്രൈബിങ് ആണ് ട്രംപിനെ ശുപാര്‍ശ ചെയ്തത്. പിന്നാലെ ഇസ്രായേലും ബഹ്റൈനും തമ്മിലും കരാറുണ്ടായി.
രണ്ടാം തവണയാണ് ട്രൈബിങ് ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തത്. 2019ലായിരുന്നു ആദ്യം. ഉത്തര കൊറിയയുമായുള്ള ചര്‍ച്ചയുടെ പേരിലായിരുന്നു ഇത്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ക്രിസ്റ്റ്യന്‍ ട്രൈബ്രിങ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.