ഉയിഗൂര്‍ സംസ്കാരം ഇല്ലാതാക്കാന്‍ ആയിരക്കണക്കിന് മസ്ജിദുകള്‍ തകര്‍ത്ത് ചൈന
ഏകദേശം 8,500ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ചൈനയിലെ സിങ്ജിയാങില്‍ ചൈന ഭരണകൂടം ആയിരക്കണക്കിന് മുസ്‍ലിം പള്ളികള്‍ തകര്‍ത്തുവെന്ന് ആസ്ത്രേലിയന്‍ സട്രാടെജിക് പോളിസിയുടെ പഠനം. വ്യത്യസ്തമായ മുസ്‍ലിം സംസ്കാരത്തെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് പള്ളികള്‍ തകര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഏകദേശം 16,000 പള്ളികള്‍ (ഏകദേശം 65 ശതമാനം) തകര്‍ക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് ആസ്ത്രേലിയന്‍ സ്ട്രോടെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (ASPI) റിപ്പോര്‍ട്ടില്‍ പറയുന്നത്. സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പഠനത്തിന് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.
പള്ളികളില്‍ ഒട്ടുമിക്ക കേടുപാടുകളും സംഭവിച്ചിരിക്കുന്നത് അവസാന മൂന്ന് വര്‍ഷത്തിനുള്ളിലാണെന്നും ഏകദേശം 8,500ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിങ്ക്ജിയാങ്ങിലെ ക്രിസ്ത്യൻ പള്ളികളോ ബുദ്ധക്ഷേത്രങ്ങളോ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും പഠനം പറയുന്നു.
അതുകൊണ്ട് തന്നെ പ്രാദേശിക സംസ്കാരത്തിന്‍റെ പാരമ്പര്യം തുടച്ചുനീക്കുന്നതിന്‍റെ ഭാഗമാണിതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍ മിണ്ടുന്നില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.