ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍
സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ വിശദീകരിക്കപ്പെടാതെ തുടരുകയായിരുന്നു. ഈ ഗവേഷകര്‍ നടത്തിയ മൗലികമായ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധനാ മാര്‍ഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിര്‍ണായകമായതായി പുരസ്‌കാര സമിതി വിലയിരുത്തി.
പ്രതിവര്‍ഷം ലോകരാജ്യങ്ങളില്‍ ശരാശരി 7 കോടി ജനങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാലുലക്ഷം പേരാണ് ശരാശരി ഈ രോഗം ബാധിച്ച് മരിക്കുന്നത്. ഇതിന് കാരണമായ വൈറസിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.