കോവിഡ് ചികിത്സയിലിരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചു; ട്രംപിന്‍റെ കാര്‍ യാത്ര വിവാദമാകുന്നു
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിക്കു പുറത്തിറങ്ങിയതില്‍ ആരോഗ്യവിദഗ്‍ധരും പൊതുസമൂഹവും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ, പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണാള്‍ഡ് ട്രംപിന്‍റെ കാര്‍ യാത്ര. തന്‍റെ ആരോഗ്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു ട്രംപിന്‍റെ യാത്രയെങ്കിലും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിക്കു പുറത്തിറങ്ങിയതില്‍ ആരോഗ്യവിദഗ്‍ധരും പൊതുസമൂഹവും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ട്രംപിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് വീഡിയോ സന്ദേശത്തിലൂടെ ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചികിത്സയിലിരിക്കെ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപ് കാര്‍ യാത്ര നടത്തിയതും അത് വിവാദമായതും.
കാറില്‍ ട്രംപിനെക്കൂടാതെ മറ്റ് രണ്ടുപേരുമുണ്ട്. ബുള്ളറ്റ്പ്രൂഫ് കാറായിരുന്നു ഇത്. ട്രംപ് മാസ്ക് ധരിച്ചിരുന്നു. അണികള്‍ക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയായിരുന്നു പ്രസിഡന്‍റിന്‍റെ യാത്രയെന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ വിശദീകരണം. എന്നാല്‍ രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രവര്‍ത്തിയാണ് പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണ് ചെയ്യുകയെന്നും അരോഗ്യവിദഗ്‍ധര്‍ പറയുന്നു
ട്രംപിന്‍റെ ഓക്സിജന്‍ അളവില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും വൈറ്റ് ഹൌസ് അറിയിച്ചിരുന്നു. തീവ്രരോഗബാധിതരിലാണ് ഓക്സിജന്‍ ലെവല്‍ താഴുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കാര്‍ യാത്ര നടത്തി ട്രംപ് അണികളെ കാണാനെത്തിയത്.