ലോകരാഷ്ട്രങ്ങള്‍ക്ക് ചൈനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഇതാണ് തെളിവുകള്‍
കഴിഞ്ഞ ഒരു വര്‍ഷമായി ലോകരാഷ്ട്രങ്ങള്‍ ചൈനക്കെതിരായ ചിന്തിക്കുന്നുവെന്ന് 14 രാജ്യങ്ങളിലായി നടത്തിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ലോകരാഷ്ട്രങ്ങള്‍ക്ക് ചൈനയിലും പ്രസിഡന്റ് ഷീ ജിന്‍ പിംഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സര്‍വെ റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെയിലാണ് ചൈനക്കെതിരെ മറ്റ് രാജ്യങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തിയത്.
14 രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചൈനക്കെതിരായ വികാരം ഉയര്‍ന്നുവെന്ന് വ്യക്തമാകുന്നു. ഓസ്‌ട്രേലിയ, ജര്‍മ്മനി, യുകെ, യുഎസ്, നെതര്‍ലന്റ്‌സ്, കാനഡ, സ്‌പെയിന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ചൈനയോടുള്ള എതിര്‍പ്പ് കൂടുതലാണ്. ഈ രാജ്യങ്ങള്‍ക്ക് പുറമെ ബെല്‍ജിയം, ജപ്പാന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സര്‍വെയില്‍ പങ്കെടുത്തു.
ആസ്ട്രേലിയയില്‍ 81 ശതമാനം പേരും ചൈനയെ എതിര്‍ക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. യുകെ, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, സ്വീഡന്‍, യുഎസ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലും ചൈനീസ് നിലപാടുകളോടുള്ള വിയോജിപ്പ് മുന്‍ വര്‍ഷത്തേതിനെക്കാള്‍ കൂടിയിട്ടുണ്ട്.
കോവിഡ് 19 നെ കൈകാര്യം ചെയ്ത രീതിയാണ് ചൈനയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ചൈന പരാജയമാണെന്നും സര്‍വെ പറയുന്നു. കോവിഡ് തന്നെയാണ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ പ്രതിച്ഛായക്കും മങ്ങലേല്‍പിച്ചത്. ലോകവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷീ ജിന്‍ പിംഗിന് അത്ര ധാരണയില്ലെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും ഈ അഭിപ്രായമുള്ളവരാണ്.
കോവിഡ് പ്രതിരോധത്തില്‍ ചൈന മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരിൽ പോലും ഷീ ജിൻപിങ്ങിന്റെ ജനപ്രീതി കുറഞ്ഞു എന്നതാണ് ശ്രദ്ധേയം. ചൈനയുടെ കോവിഡ് -19 പൊട്ടിത്തെറി പ്രതികരണത്തെ വിലയിരുത്തുന്ന 10 പേരിൽ നാലുപേർ മാത്രമാണ് ഷീ ജിൻപിംഗിൽ വിശ്വാസം പ്രകടിപ്പിച്ചത്.