ട്രംപ് വംശീയവാദി,പ്രസിഡന്റെന്ന നിലയില്‍ അത്ര പോരാ; മിഷേല്‍ ഒബാമ
കോവിഡ് പ്രതിസന്ധിയെയും വംശീയതയെയും കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് മനഃപൂര്‍വ്വമായ ഉദാസീനത കാണിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യയും പ്രഥമ വനിതയുമായിരുന്ന മിഷേല്‍ ഒബാമ. ട്രംപ് വംശീയവാദിയാണെന്നും മോശം പ്രസിഡന്റാണെന്നും മിഷേല്‍ ആരോപിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്റെ ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച പുറത്തിറക്കിയ 24 മിനിറ്റ് വീഡിയോയിലാണ് മിഷേല്‍ ട്രംപിനെ വിമര്‍ശിച്ചത്.
കോവിഡ് പ്രതിസന്ധിയെയും വംശീയതയെയും കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് മനഃപൂര്‍വ്വമായ ഉദാസീനത കാണിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കറുത്ത വര്‍ഗ്ഗക്കാരായ യുവാക്കള്‍ വോട്ട് പാഴാക്കരുതെന്നും മിഷേല്‍ വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം, കൊറിയന്‍ യുദ്ധങ്ങളില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ കോവിഡ് -19 ല്‍ ബാധിച്ചു മരിച്ചുവെന്ന് ഒബാമ ചൂണ്ടിക്കാട്ടി. വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ദുഃഖകരമെന്ന് പറയട്ടെ പ്രസിഡന്റിന്റേത് മോശം പ്രവര്‍ത്തനമായിരുന്നുവെന്ന് 'ക്ലോസിംഗ് ആര്‍ഗ്യുമെന്റ്' എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയില്‍ പറയുന്നു.
ന്യൂനപക്ഷങ്ങള്‍ പ്രാന്തപ്രദേശങ്ങളെ എങ്ങനെ നശിപ്പിക്കുമെന്നതിനെക്കുറിച്ച് നുണപറയുന്നത് ചൂണ്ടിക്കാട്ടി- ട്രംപും മറ്റ് റിപ്പബ്ലിക്കന്‍മാരും വംശീയവാദികളാണെന്ന് മിഷേല്‍ ഒബാമ ആരോപിക്കുന്നു.ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സത്യസന്ധത പുലർത്താം, ജോലി ചെയ്യാത്ത ഒരു പ്രസിഡന്റ് കാരണം നമ്മുടെ രാജ്യം കുഴപ്പത്തിലാണ്..വീഡിയോയില്‍ പറയുന്നു.
കോവിഡ് ബാധിച്ച പ്രസിഡന്റ് ഈ മഹാമാരിയെപ്പോലെ പ്രവർത്തിച്ചുകൊണ്ട് അമേരിക്കൻ ജനതയെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. കോവിഡ് ഒരു ഭീഷണിയേ അല്ലെന്ന് അദ്ദേഹം നടിക്കുകയാണെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.