ട്രംപിന്റെ മകനും കോവിഡ് ബാധിച്ചിരുന്നു, ഇപ്പോള്‍ നെഗറ്റീവാണെന്ന് മെലാനിയ ട്രംപ്

വൈറ്റ് ഹൌസിന്റെ വെബ്സൈറ്റിലൂടെയാണ് അവര്‍ മകന് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്

Update: 2020-10-15 08:27 GMT

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരണും(14) കോവിഡ് ബാധിച്ചിരുന്നുവെന്നും ഇപ്പോള്‍ നെഗറ്റീവാണെന്നും മെലാനിയ ട്രംപ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നേരത്തെ മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് മകനും രോഗബാധയുണ്ടായതെന്ന് പ്രഥമ വനിത പറഞ്ഞു. വൈറ്റ് ഹൌസിന്റെ വെബ്സൈറ്റിലൂടെയാണ് അവര്‍ മകന് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്.

'' എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ എന്താകുമെന്ന്. ഒരു ദിവസം എന്റെ പേടി യാഥാര്‍ഥ്യമായി . മകന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഭാഗ്യവശാല്‍ അവന്‍ കൗമാരക്കാരനാണ്, രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല'' മെലാനിയ ട്രംപ് പറഞ്ഞു. താനും ബാരനും പിന്നീട് നെഗറ്റീവായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ഒരു വിധത്തില്‍ ഞങ്ങള്‍ മൂന്ന് പേരും ഒരേ സമയത്തിലൂടെ കടന്നുപോയതില്‍ സന്തോഷമുണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം പരിപാലിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിഞ്ഞു,'' മെലാനിയ ട്രംപ് പറഞ്ഞു.

ബാരണ്‍ നന്നായിരിക്കുന്നുവെന്ന് അയോവയിലേക്കുള്ള പ്രചാരണ യാത്രയ്ക്കായി വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ രോഗ ലക്ഷണങ്ങള്‍ വളരെ കുറവായിരുന്നു എന്നും തനിക്ക് കഴിയുന്നത്ര വേഗം പ്രഥമ വനിതയായി ചുമതലകള്‍ പുനരാരംഭിക്കാമെന്നും മെലാനിയ ട്രംപ് പറഞ്ഞു.

ഒക്ടോബര്‍ 2നാണ് തനിക്കും ഭാര്യക്കും കോവിഡ് ബാധിച്ചുവെന്ന് ട്രംപ് അറിയിച്ചത്. തുടര്‍ന്ന് മൂന്നു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം പ്രസിഡന്റ് ആശുപത്രി വിടുകയും ചെയ്തു. ട്രംപിന് കോവിഡ് ഭേദമായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തിരുന്നു. കോവിഡ് മാറാതെ മാസ്ക് മാറ്റി ജനങ്ങളെ ട്രംപ് അഭിസംബോധന ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Tags:    

Similar News