റംഡെസിവിർ, കോവിഡ് രോഗികളുടെ ആശുപത്രിവാസമോ മരണനിരക്കോ കുറയ്ക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന
അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാൻ റംഡെസിവിറിനു കഴിയുമെന്ന് നേരത്തെ ഒരു പഠനത്തില്‍ തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റംഡെസിവിർ മരുന്ന്, വൈറസ് ബാധിതരുടെ ആശുപത്രിവാസമോ മരണനിരക്കോ കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ കോവിഡ് ബാധിതര്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍, ഇന്‍റര്‍ഫെറോണ്‍, എയ്‍ഡ്‍സിനെതിരായ മരുന്നായ ലോപിനവിര്‍-റിറ്റോനവിര്‍ എന്നിവയും റംഡെസിവിറും എങ്ങനെയാണ് വൈറസിനെ പ്രതിരോധിക്കുന്നതും രോഗശമനം സാധ്യമാക്കുന്നതും എന്നായിരുന്നു പഠനം. 30 ലേറെ രാജ്യങ്ങളിലായി 11,266 മുതിര്‍ന്ന രോഗികളിലാണ് പഠനം നടത്തിയത്.
അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാൻ റംഡെസിവിറിനു കഴിയുമെന്ന് നേരത്തെ ഒരു പഠനത്തില്‍ തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് രോഗികള്‍ ചികിത്സ തേടുന്ന ദിവസങ്ങള്‍ കുറയ്ക്കാനോ മരണനിരക്ക് കുറയ്ക്കാനോ റംഡെസിവിറിന് കഴിയുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. എന്നാല്‍ ഈ നിഗമനം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ഈ പഠനങ്ങളെ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് പറയുന്നു ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥന്‍.
റംഡെസിവിർ മരുന്ന് കോവിഡ് രോഗത്തിന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അതിന് വിരുദ്ധമായി പഠന റിപ്പോര്‍ട്ടുമായി ലോകാരോഗ്യസംഘടനതന്നെ രംഗത്തുവന്നിരിക്കുന്നത്. റംഡെസിവിറിന്‍റെ ഉപയോഗം സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്‍ധര്‍ പറയുന്നു.