കാമുകന്‍ വിശാല മനസ്കനാണോ എന്നറിയാന്‍ 24 ബന്ധുക്കളുമായി ഹോട്ടലില്‍ കാമുകി; ഒടുവില്‍ ബില്‍ തുക കണ്ട് യുവാവ് മുങ്ങി
സിയാവു ലിയോ എന്ന യുവാവിനാണ് കാമുകിയെ സത്ക്കരിച്ചത് എട്ടിന്‍റെ പണിയായി മാറിയത്
താന്‍ സ്നേഹിക്കുന്നയാള്‍ എത്രത്തോളം ദയാലുവും വിശാല മനസ്കനുമാണെന്നറിയാന്‍ കാമുകി ഒരു പരീക്ഷണം നടത്തിയതാ..പക്ഷെ അത് കാമുകിക്ക് തന്നെ ഒരു പണിയായി. ചൈനയിലാണ് ഈ രസകരമായ സംഭവം നടന്നത്. പ്രതിശ്രുത വരന്‍ ഉദാരമനസ്കനാണോ എന്നറിയാന്‍ 23 ബന്ധുക്കളുമായാണ് കാമുകിയെത്തിയത്. ബന്ധുക്കളുടെ പട കണ്ട് യുവാവ് അന്തം വിട്ടെങ്കിലും എല്ലാവരെയും സത്ക്കരിച്ച ശേഷം ഹോട്ടല്‍ നല്‍കിയ ബില്ല് കണ്ട് കാമുകന്‍ മുങ്ങി.
സിയാവു ലിയോ എന്ന യുവാവിനാണ് കാമുകിയെ സത്ക്കരിച്ചത് എട്ടിന്‍റെ പണിയായി മാറിയത്. തന്നെ ഹോട്ടലില്‍ ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ യുവതി തന്‍റെ കാമുകന്‍ ദയാലുവാണെന്ന് അറിയാനായി രഹസ്യമായി പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. 23 ബന്ധുക്കളുമായി യുവതി ഹോട്ടലില്‍ എത്തിയതായി ചൈനീസ് മാധ്യമമായ തിയാഷോ ഇവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കൻ ചൈനീസ് പ്രവിശ്യയായ സെജിയാങിലെ ഒരു റസ്റ്റോറന്‍റിലാണ് സംഭവം. വന്ന ബന്ധുക്കളാകട്ടെ ഭക്ഷണപ്രിയരും കൂടിയായിരുന്നു. വില കൂടിയ ഭക്ഷണങ്ങളും വൈനും ഓര്‍ഡര്‍ ചെയ്ത ഇവര്‍ കാമുകന് വലിയൊരു ബില്‍ തുക സമ്മാനമായി നല്‍കി.
എന്നാല്‍ ബില്ല് കണ്ട പാവം കാമുകന് കാര്യം മനസിലായി.
ഇനിയും അവിടെ നിന്നാല്‍ വല്ല പാത്രമോ മറ്റോ കഴുകേണ്ടി വരുമെന്ന് മനസിലായ കാമുകന്‍ റസ്റ്റോറന്‍റിന്‍റെ പിറകുവശത്തുള്ള വാതില്‍ വഴി രക്ഷപ്പെട്ടു. കാമുകന്‍ മുങ്ങിയെന്ന് മനസിലായ കാമുകിയും ബന്ധുക്കളും ചേര്‍ന്നാണ് പിന്നീട് 2.18 ലക്ഷം രൂപയുടെ ബില്‍ അടച്ചത്.