കാബൂള്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും 22 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.

Update: 2020-11-02 15:19 GMT

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും 22 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാമ്പസിൽ സംഘടിപ്പിച്ച ഇറാനിയൻ പുസ്തകമേളയുടെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുമ്പോഴായിരുന്നു ആക്രമണമെന്ന് അഫ്ഗാനിസ്താന്‍ ഉന്നത വിദ്യാഭ്യാസ വക്താവ് ഹാമിദ് ഉബൈദിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടക്കുമ്പോൾ നൂറുകണക്കിന് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനാല്‍ തന്നെ മരണസംഖ്യ ഉയരാനാണ് സാധ്യത. വെടിവെപ്പിനും സ്ഫോടനത്തിനും പിന്നാലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്യാമ്പസിന്റെ മതിലിന് മുകളിലൂടെയാണ് പുറത്തെത്തിയത് .

Advertising
Advertising

മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Tags:    

Similar News