ഇല്‍ഹാന്‍, റാഷിദ, അയാന, അലക്സാന്‍ഡ്രിയ.. ട്രംപിന്‍റെ വംശവെറിക്കെതിരെ ശബ്ദിച്ചവര്‍ക്ക് ഉജ്വല ജയം
കടുത്ത വംശീയ പരാമര്‍ശങ്ങളാണ് ഈ നാല് പേര്‍ക്കുമെതിരെ ട്രംപ് നടത്തിയത്.
ദ സ്‌ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന നാല് വനിതാ നേതാക്കള്‍ വീണ്ടും അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക്. ഡോണള്‍ഡ് ട്രംപ് നിരന്തരം വംശീയമായി അധിക്ഷേപിച്ച ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്‌സാന്‍ഡ്രിയ ഒകാസിയോ, അയാന പ്രസ്‌ലി എന്നിവരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
Our sisterhood is resilient. pic.twitter.com/IfLtsvLEdx
— Ilhan Omar (@IlhanMN) November 4, 2020
ഇല്‍ഹാന്‍ ഉമര്‍ മിനെസോട്ടയില്‍ നിന്നും അലക്‌സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍ നിന്നും റാഷിദ മിഷിഗനില്‍ നിന്നും അയാന മസാചുസെറ്റ്‌സില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയ പരാമര്‍ശങ്ങളാണ് ട്രംപ് നടത്തിയത്. നാല് പേരും അവരുടെ തകര്‍ന്ന രാജ്യങ്ങളിലേക്ക് മടങ്ങണം എന്നുവരെ തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധികളോട് ട്രംപ് പറഞ്ഞു. സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്ന് ഇല്‍ഹാനെ ട്രംപ് അധിക്ഷേപിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലും ഇല്‍ഹാന്‍ അമേരിക്കക്കാരിയല്ലെന്ന് ട്രംപ് പറഞ്ഞു. നാല് പേരെ അധിക്ഷേപിച്ച സംഭവത്തില്‍ യുഎസ് കോണ്‍ഗ്രസ് ഇടപെട്ടിരുന്നു. ജനപ്രതിനിധി സഭ ട്രംപിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.
സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ പന്ത്രണ്ടാമത്തെ വയസിലാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ പൌരത്വം ലഭിച്ചു. റാഷിദ തലൈബിന് പുറമെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്‍ലിം വനിതകളില്‍ ഒരാളാണ് ഇല്‍ഹാന്‍. വംശീയതക്കെതിരെയും ഇസ്‍ലാമോഫിയക്കെതിരെയും ഇല്‍ഹാന്‍ എന്നും ശബ്ദമുയര്‍ത്തി. യു.എസ് ജനപ്രതിനിധി സഭയിലെ തട്ടമിടുന്നതിനുള്ള 181 വര്‍ഷത്തെ വിലക്കിനെ മറികടന്ന് ഇല്‍ഹാന്‍ ചരിത്രം സൃഷ്ടിച്ചു. 2018ലാണ് ഇല്‍ഹാന്‍ ആദ്യം ജനപ്രതിനിധി സഭയിലെത്തിയത്.
തൊഴിലാളികള്‍ക്കായി യുഎസ് കോണ്‍ഗ്രസില്‍ വീണ്ടും പോരാടുക എന്നത് ബഹുമതിയും ഉത്തരവാദിത്വവുമായി കാണുന്നുവെന്ന് അലക്സാന്‍ഡ്രിയ പ്രതികരിച്ചു. നമ്മുടെ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു, നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് മസാചുസെറ്റ്സിലെ ജനങ്ങളോട് അയാന പറഞ്ഞത്. മനുഷ്യത്വവും മൂല്യങ്ങളും മുറുകെ പിടിച്ചാണ് നമ്മുടെ പോരാട്ടം. നിങ്ങളുടെ പ്രതിനിധിയാകുന്നതില്‍ അഭിമാനിക്കുന്നുവെന്നും അയാന പറഞ്ഞു.