ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം, രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടിന്‍റെ അനുഭവ സമ്പത്ത്
തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍.
രാഷ്ട്രീയ രംഗത്ത് ഒരു പരിചയവുമില്ലാതെ അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച ജോ ബൈഡന്‍, അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് വൈറ്റ്ഹൌസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പുള്ള നിരവധി അനുഭവങ്ങളെ അതിജീവിച്ചിട്ടുണ്ട് ജോ ബൈഡന്‍.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്‍. തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍. ബൈഡന് വിജയം സമ്മാനിച്ച പെന്‍സില്‍വേനിയയിലെ സ്ക്രാന്റൻ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിക്കുന്നത്.
29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാൻ കാറില്‍പോവുകയായിരുന്നു ബൈഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച് ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.
1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.
ദുരന്തങ്ങള്‍ പിന്നെയും ബൈഡനെ തേടിയെത്തി. 2015ൽ മകന്‍ ബ്യൂ ബൈഡൻ കാന്‍സര്‍ ബാധിച്ച് മരിച്ചു. 1977ലാണ് ബൈഡൻ ജിൽ ബൈഡനെ വിവാഹം കഴിച്ചത്. ഇതില്‍ ആഷ് ലി എന്ന കുട്ടി ജനിച്ചു. ഒടുവില്‍ ചരിത്ര നിയോഗമായി അമേരിക്കയുടെ പ്രസിഡന്റാവുകയാണ് ബൈഡന്‍. ട്രംപിനെ തോല്‍പ്പിച്ച് അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കുക എന്നാണ് ബൈഡന്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. ട്രംപ് വഴിതിരിച്ചുകൊണ്ടുപോയ അമേരിക്കയെ തിരികെ നടത്തുവാന്‍ ബൈഡനാകുമോ എന്ന് വരും നാളുകളിലറിയാം.