ബോയിങ് 737 മാക്സ് വിമാനങ്ങളുടെ വിലക്ക് നീക്കി അമേരിക്ക

ആറ് മാസങ്ങളിലായി 346 പേരുടെ ജീവൻ ഇല്ലാതാക്കിയ രണ്ട് അപകടങ്ങളാണ് കഴിഞ്ഞ മാർച്ചിൽ ബോയിങ് 737 മാക്സിന്റെ ചിറകരിഞ്ഞത്.

Update: 2020-11-19 07:36 GMT

20 മാസങ്ങൾ നീണ്ട വിലക്കിന് ശേഷം ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകി അമേരിക്ക. ആറ് മാസങ്ങളിലായി 346 പേരുടെ ജീവൻ ഇല്ലാതാക്കിയ രണ്ട് അപകടങ്ങളാണ് കഴിഞ്ഞ മാർച്ചിൽ ബോയിങ് 737 മാക്സിന്റെ ചിറകരിഞ്ഞത്. തുടർന്ന് രണ്ട് വർഷം നീണ്ട പരിശോധനക്ക് ശേഷമാണ് മാക്സ് വിമാനങ്ങൾ വീണ്ടും പറക്കാനൊരുങ്ങുന്നത്.

"കഠിനമായിരുന്നു ഇതുവരെയുള്ള പാത. എന്നാൽ തുടക്കത്തിലേ പറഞ്ഞതുപോലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് ആവശ്യമായ സമയം വേണ്ടിവന്നു. ഇപ്പോൾ എന്റെ കുടുംബത്തെ അതിൽ യാത്ര ചെയ്യിക്കുന്നതിൽ പോലും ഞാൻ പൂർണ്ണ സംതൃപ്ത്തനാണ്".ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ചീഫ് സ്റ്റീഫൻ ഡിക്‌സൺ പറഞ്ഞു. അത്തരം അപകടങ്ങൾ ഇനി സംഭവിക്കാതിരിക്കാൻ മാനുഷികമായി ചെയ്യാൻ സാധിക്കുന്നതൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ പെട്ടെന്ന്തന്നെ മാക്സ് പറക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ്‌വെയർ വയറിങ് മാറ്റങ്ങളും, പൈലറ്റുകൾക്കായുള്ള പ്രത്യേക പരിശീലനവും പൂർത്തിയായ ശേഷം മാത്രമായിരിക്കും ബോയിങ് 737 മാക്സ് വിമാനങ്ങൾ പറന്നു തുടങ്ങുക.

രണ്ട് അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടവരെ മറക്കാനാകില്ലെന്നും, അപകടങ്ങൾക്ക് ശേഷം ബോയിങ്ങിന്റെ മുഴുവൻ സുരക്ഷാ മാർഗങ്ങളും രീതികളും കൂടുതൽ ശക്തിപ്പെടുത്തുകയുണ്ടായെന്നും ബോയിങ്ങിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഡേവ് കൽഹൗൻ പറയുന്നു. അപകടങ്ങൾ നടക്കുമ്പോഴുള്ള ബോയിങ് തലവൻ ഡെന്നിസ് മുലൻബർഗിനെ കഴിഞ്ഞ വർഷം തന്നെ കമ്പനി പിരിച്ച് വിട്ടിരുന്നു.

Tags:    

Similar News