'ശക്തമായി അപലപിക്കുന്നു, അടിയന്തിര നടപടി വേണം';ചാമ്പ്യൻസ് ലീഗിലെ വംശീയ അധിക്ഷേപത്തിനെതിരെ ഉർദുഗാൻ
വംശീയാധിക്ഷേപത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. യുവേഫ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്'' -ഉർദുഗാൻ
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി (പാരിസ് സെൻറ് ജെർമൈൻ)-ഇസ്താംബൂൾ ബസക്സഹിർ മത്സരത്തിനിടെ ഉയർന്ന വംശീയാധിക്ഷേപ ആരോപണത്തിൽ പ്രതികരണവുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ച് ആദ്യം ബസക്സഹിർ താരങ്ങളും പിന്നീട് പി.എസ്.ജി താരങ്ങളും ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയതിനെ തുടർന്ന് മത്സരം മാറ്റിവെച്ചിരുന്നു. കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പിയറെ വെബോവിനെതിരെയായിരുന്നു നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണമുയര്‍ന്നത്.
''ബസക്സഹിറർ സ്റ്റാഫ് പിയറെ വെബോവിനെതിരായ വംശീയാധിക്ഷേപത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. യുവേഫ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്'' -ഉർദുഗാൻ ട്വീറ്റ് ചെയ്തു.
മത്സരത്തിലെ നാലാം മാച്ച് ഒഫീഷ്യൽ ഇസ്താംബൂൾ ബസക്സഹീർ സഹപരിശീലകനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കളം വിട്ട ബസക്സഹിർ താരങ്ങൾ പത്ത് മിനിറ്റോളം കോച്ച് ഒവിഡ്യു ഹാറ്റഗനുമായി ചർച്ച നടത്തിയ ശേഷം കളി ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഫുട്ബാളിൽ വംശീയ അധിക്ഷേപത്തിന് സ്ഥാനമില്ലെന്നും യുവേഫ പ്രതികരിച്ചു. രണ്ട് ക്ലബുകളുമായും ചർച്ച നടത്തിയ യുവേഫ അധികൃതർ ബാക്കി സമയത്തെ മത്സരം പുതിയ മാച്ച് ഒഫീഷ്യലുകളെ ഉൾപ്പെടുത്തി ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.55ന് നടത്താൻ തീരുമാനിച്ചു.