ഉപയോഗിച്ച മാസ്കുകള്‍ കൊണ്ട് ഇരിക്കാനുള്ള സ്റ്റൂള്‍; ഈ കൊറിയന്‍ വിദ്യാര്‍ഥി ഒരു പുലിയാണ്
കൊറിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ കിം ഹാ-ന്യൂൽ. ഉപയോഗിച്ച മാസ്കുകള്‍ കൊണ്ട് സ്റ്റൂള്‍ നിര്‍മ്മിച്ചിരിക്കുകയാണ് കിം
മാസ്കുകള്‍ വയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഉപയോഗ ശേഷം അവ കൃത്യമായി സംസ്കരിക്കുന്നതും. തുണി കൊണ്ടുള്ള മാസ്കാണെങ്കില്‍ വീണ്ടും കഴുകി ഉപയോഗിക്കാം. എന്നാല്‍ ഡിസ്പോസിബിള്‍ മാസ്കാണെങ്കില്‍ അവ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തന്നെ വേണം. എന്നാല്‍ പലരും ഇതിന് മുതിരാറില്ല. അലക്ഷ്യമായി വലിച്ചെറിയുകയാണ് പതിവ്. ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ കിം ഹാ-ന്യൂൽ. ഉപയോഗിച്ച മാസ്കുകള്‍ കൊണ്ട് സ്റ്റൂള്‍ നിര്‍മ്മിച്ചിരിക്കുകയാണ് കിം.
ഫര്‍ണിച്ചര്‍ ഡിസൈന്‍ സ്റ്റുഡന്‍റാണ് കിം. പോളിപ്രോഫലൈന്‍ ഉപയോഗിച്ചാണ് മാസ്കുകള്‍ ഉണ്ടാക്കുന്നതെന്ന് മനസിലാക്കിയ കിം അത് വലിച്ചെറിയുന്നതുമൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവാനായിരുന്നു. അങ്ങിനെയാണ് ഫേസ് മാസ്കുകള്‍ റീസൈക്കിള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. '' പ്ലാസ്റ്റിക് പുനരുപയോഗിക്കാവുന്ന ഒന്നാണ്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് മാസ്കുകള്‍ റീസൈക്കിള്‍ ചെയ്ത് സ്റ്റൂള്‍ നിര്‍മ്മിച്ചൂകൂടാ'' കിം റോയിട്ടേഴ്സിനോട് പറഞ്ഞു. 1500 മാസ്കുകളാണ് ഒരു സ്റ്റൂള്‍ നിര്‍മ്മിക്കാനായി ഉപയോഗപ്പെടുത്തിയത്.
ജൂണിൽ സിയോളിന് തെക്ക് ഉയിവാങ് നഗരത്തിലെ കെയ്‌വോൺ യൂണിവേഴ്സിറ്റി ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ കിം ഒരു മാസ്ക് ശേഖരണ ബോക്സ് സ്ഥാപിച്ചു. പതിനായിരത്തോളം മാസ്കുകള്‍ ഇത്തരത്തില്‍ ശേഖരിക്കാനായി. നിര്‍മ്മാണത്തില്‍ അപാകതയുണ്ടായിരുന്ന ഒരു ടണ്ണോളം മാസ്കുകള്‍ ഫാക്ടറിയില്‍ നിന്നും ലഭിച്ചു. ഈ മാസ്കുകള്‍ നാല് ദിവസത്തോളം ഒരു നിശ്ചിത സ്ഥലത്ത് സൂക്ഷിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനായിരുന്നു ഇത്. തുടര്‍ന്ന് മാസ്കില്‍ നിന്നും ഇലാസ്റ്റിക് ബാന്‍ഡുകള്‍ നീക്കം ചെയ്തു. 300 ഡിഗ്രി സെൽഷ്യസ് (570 ഡിഗ്രി ഫാരൻഹീറ്റ്) താപനിലയിൽ മാസ്കുകള്‍ ഉരുക്കിയെടുത്തു. അത് 45 സെ.മീ ഉയരമുള്ള മൂന്ന് കാലുകളുള്ള സ്റ്റൂളാക്കി മാറ്റിയെടുക്കുകയും ചെയ്തു. പല വര്‍ണങ്ങളില്‍ കളര്‍ഫുള്ളായിട്ടാണ് സ്റ്റൂളുകള്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.
ഇത്തരത്തില്‍ കസേരകളും മേശകളും നിര്‍മ്മിച്ചെടുക്കാമെന്നാണ് കിമ്മിന്‍റെ പ്രതീക്ഷ. മാസ്കുകള്‍ റീ സൈക്കിള്‍ ചെയ്യാനായി പ്രത്യേകം ബോക്സുകള്‍ സ്ഥാപിക്കണമെന്ന് കിം സര്‍ക്കാരിനോടും സ്വകാര്യ കമ്പനികളോടും ആവശ്യപ്പെടുന്നുമുണ്ട്.