അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ഫലം റദ്ദാക്കണമെന്ന ട്രംപിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി
പുതിയ കോടതി വിധിയെ വിമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 4 പ്രധാന സംസ്ഥാനങ്ങളിൽ ഫലം റദ്ദാക്കണമെന്ന ട്രംപിന്‍റെ ഹരജി യു.എസ് സുപ്രീംകോടതി തള്ളി. പെൻസിൽവേനിയ, ജോർജിയ, മിഷിഗൺ, വിസോകോൻസെൻ എന്നീ സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇവിടെയെല്ലാം നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ ആണ് വിജയിച്ചത്.
ടെക്സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ അറ്റോർണി ജനറല്‍ സമര്‍പ്പിച്ച ഹരജിയിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കക്ഷി ചേരുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ 126 കോൺഗ്രസ് അംഗങ്ങളും 18 സംസ്ഥാനങ്ങളും കേസിൽ കക്ഷി ചേർന്നു. കോവിഡ് പശ്ചത്തലത്തിൽ ഈ നാല് സംസ്ഥാനങ്ങളിൽ നിയമവിരുദ്ധമായി മെയിൽ വോട്ടുകൾ നടന്നതായതായാണ് റിപബ്ലിക്കൻ പ്രതിനിധികൾ ആരോപിക്കുന്നത്. എന്നാല്‍ നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടി ടെക്സസ് സംസ്ഥാനം ഫയൽ ചെയ്ത കേസ് കോടതി തള്ളുകയായിരുന്നു. ഇതിന് മുമ്പും നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം ചോദ്യം ചെയ്ത് ട്രംപ് ഹരജികള്‍ ഫയല്‍ ചെയ്തിരുന്നു. അതെല്ലാം കോടതി തള്ളുകയും ചെയ്തു. പുതിയ കോടതി വിധിയെ വിമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമാണ് യു.എസ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാക്കി ഔദ്യോഗിക ഫലം പുറത്തിറക്കിയത്. 50 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഔദ്യോഗികമായി പൂർത്തിയാക്കിയതോടെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് 306 വോട്ടുകളും, റിപ്പബ്ലിക്ക് സ്ഥാനാർഥിയായ ട്രംപിന് 232 വോട്ടുകളുമാണുള്ളത്. ജനുവരി 6ന് സംയുക്ത പാർലമെന്‍റ് സമ്മേളനത്തിലാണ് വോട്ടെണ്ണലിന്‍റ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. 20ന് പുതിയ പ്രസിഡന്‍റ് സ്ഥാനമേൽക്കും.