കൊറോണ വൈറസ് പടര്‍ന്നത് ചൈനീസ് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന

ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍.

Update: 2021-03-29 09:40 GMT
Advertising

കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് സാധ്യതയെന്നും പഠനം പറയുന്നു.

ലാബിലെ ചോര്‍ച്ചയൊഴികെ സംശയമുള്ള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. എന്നാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് പഠനത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പഠന റിപ്പോര്‍ട്ട് കോവിഡിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനയെ പഴിപറയുന്നത് ഒഴിവാക്കാനുള്ള ശ്രമമാണോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം അടുത്തയാഴ്ചയോടെ തയ്യാറാകുമെന്നാണ് ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News