ഉയിഗൂറുകൾക്കെതിരെ ചൈന നടത്തുന്ന ക്രൂരത വെളിപ്പെടുത്തി ആംനസ്റ്റി റിപ്പോർട്ട്

മുൻപ് ചൈനീസ് തടവിൽ കഴിഞ്ഞവരെയും ദൃസാക്ഷികളെയും അഭിമുഖം നടത്തിയാണ് ആംനസ്റ്റി റിപ്പോർട്ട് തയ്യാറാക്കിയത്

Update: 2021-06-11 13:32 GMT
Advertising

ചൈനയിലെ സിൻജിയാങിൽ ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ നടക്കുന്നത് ഭരണകൂടം ആസൂത്രണം ചെയ്ത ക്രൂരതകളാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട്. മുൻപ് ചൈനീസ് തടവിൽ കഴിഞ്ഞവരെയും ദൃസാക്ഷികളെയും അഭിമുഖം നടത്തിയാണ് ആംനസ്റ്റി റിപ്പോർട്ട് തയ്യാറാക്കിയത്. ഉയിഗൂറുകളെ തങ്ങളുടെ മതാചാരങ്ങളും ഭാഷയും സംസ്കാരങ്ങളും ഇല്ലാതാക്കാൻ നിർബന്ധിക്കപെടുകയാണെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

"ഉയിഗൂറുകളും കസാഖുകളും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്നത് തങ്ങളുടെ മതകീയവും സാംസ്കാരികവുമായ മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങളുമാണ്. വലിയ ഒരു വിഭാഗം മനുഷ്യരെ തടവിലിട്ട് മസ്തികക്ഷാളനത്തിനും ചൂഷണത്തിനും മറ്റു ക്രൂരതകൾക്കും ഇരയാക്കിക്കൊണ്ടിരിക്കുന്നുവെന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കേണ്ടതാണ്. ക്രൂരമായ പീഡനങ്ങളും മറ്റ് മോശം പരിചരണങ്ങളും തടവിലുള്ളവർ ദിനേന അനുഭവിച്ചു വരുന്നു. ഏകാത്മകമായ ചൈനീസ് ദേശീയതയും കമ്മ്യൂണിസ്ററ് പാർട്ടി ആശയങ്ങളും അടിച്ചേൽപ്പിക്കുന്നതാണ് തടവിലെ ജീവിതം." - 160 പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നു.

2017 തുടക്കം മുതൽ അനേകം ഉയിഗൂറുകളെയാണ് ചൈന തടവിലാക്കിയത്. 'ശുദ്ധീകരണ' ക്യാമ്പുകളിലേക്ക് അയക്കപ്പെട്ട പത്തു ലക്ഷത്തോളം പേർക്ക് പുറമെയാണ് ആയിരക്കണക്കിന് പേരെ തടവിലാക്കിയത്. തടവിലാക്കപ്പെട്ടവർ കൊടിയ പീഡനങ്ങളാണ് നേരിടുന്നത്. നിരന്തരമായ മർദനവും ഉറക്കം കെടുത്തലും ഇതിൽ ഉൾപ്പെടുന്നു. 24 മണിക്കൂറോളം ഇരുമ്പു കൊണ്ടുള്ള "ടൈഗർ ചെയർ"എന്ന കസേരയിൽ കൈകൾ കെട്ടി ശരീരം വേദനിക്കുന്ന രീതിയിൽ ഇരുത്തി പീഡിപ്പിക്കുമായിരുന്നെന്ന് അനുഭവസ്ഥർ ആംനസ്റ്റിയോട് പറഞ്ഞു. 72 മണിക്കൂറോളം ഇത്തരം കസേരയിൽ തിരുത്തപ്പെട്ട ഒരാൾ മരണപ്പെട്ടതിന്റെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News