"അൽ അഖ്സയിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത ധീരന്മാരെ കണ്ടു".. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ച് ആര്‍ച്ച്ബിഷപ്പ്
'മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികളെയും അധിനിവേശത്തെയും പോരാടി ചെറുക്കുകയാണവർ'
ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് ആര്‍ച്ച്ബിഷപ്പ് അടല്ല ഹന്ന. ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ആര്‍ച്ച്ബിഷപ്പാണ് അദ്ദേഹം.
'അൽ അഖ്സയിൽ കീഴടങ്ങാൻ തയാറല്ലാത്ത നിരവധി ധീരന്മാരെ ഞാൻ കണ്ടു. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികളെയും അധിനിവേശത്തെയും പോരാടി ചെറുക്കുകയാണവർ. ഇസ്രായേൽ അധിനിവേശത്തെയും കോളനിവത്കരണത്തെയും അടിച്ചമർത്തലിനെയും സ്വേച്ഛാധിപത്യത്തെയും എതിർത്ത് സമൂഹത്തെ സംരക്ഷിക്കുകയാണവർ' -ആർച്ച്ബിഷപ് പറഞ്ഞു.
ജറുസലേമിനെ സംരക്ഷിക്കാൻ മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ നഗരത്തിന്‍റെ ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയാണ് തങ്ങളെന്ന സന്ദേശമാണ് ജറുസലേമുകാർ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്‍റെ നോട്ടപ്പുള്ളിയായ പുരോഹിതനാണ് അടല്ല ഹന്ന.
ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ആര്‍ച്ചബിഷപ്പിനെ 2019ല്‍ ഇസ്രായേല്‍ രാസവസ്തു ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോര്‍ദാനിലെ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തത്. ഫലസ്തീനികളും ഫലസ്തീനിലെ ക്രിസ്ത്യാനികളും, ഒരു കുടുംബമാണെന്നാണ് അദ്ദേഹം പറയാറുള്ളത്. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചിനോട് അദ്ദേഹം നേരത്തെ ആവശ്യപ്പെടുകയുണ്ടായി.
ഫലസ്തീനികള്‍ക്കിത് കണ്ണീരുണങ്ങാത്ത പെരുന്നാള്‍
ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം നടത്തി. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സേന പറയുന്നത്. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ലോദ് നഗരത്തിൽ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.