കോവിഡ്: 'ഇന്ത്യൻ വകഭേദം അപകടമേറിയത്​'​; വിലകുറച്ചു കാണരുതെന്ന്​ ഫ്രാൻസ്​ ആരോഗ്യമന്ത്രി

ഫ്രാൻസിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം മൂന്നുപേർക്ക്​ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ

Update: 2021-04-30 12:43 GMT

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. ഇതിന്റെ അപകട സാധ്യത കുറച്ചുകാണരുതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള കോവിഡ്​ വാക്​സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്​തതയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഫ്രാൻസിൽ കൊറോണ വൈറസിന്റെ ബി.1.617 ഇന്ത്യൻ വകഭേദം മൂന്നുപേർക്ക്​ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ താമസിക്കുന്ന ഒരു സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചതായി മന്ത്രാലയം വ്യക്​തമാക്കി.

നിലവിൽ ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമാണ്​ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്​. B.1.617.1, B.1.617.2, B.1.617.3 എന്നിങ്ങനെ B.1.617-​ന്റെ മൂന്ന്​ വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്​. രാജ്യത്ത്​ കോവിഡ്​ ഏറ്റവും ഭീകരമായി പടർന്നുപിടിച്ച മഹാരാഷ്​ട്രയിലെ 50 ശതമാനം രോഗികളും ഇതേ വകഭേദമാണ്​ കണ്ടെത്തിയിരിക്കുന്നത്​.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News