വാക്സിനേഷന്‍ ഫലപ്രദം; ഇനി ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്ക് വേണ്ട

എന്നാല്‍ വെസ്റ്റ്ബാങ്കിലും ഗസ മുനമ്പിലുമുള്ള ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ ആവശ്യത്തിന് വാക്സിന്‍ നല്‍കുന്നില്ല

Update: 2021-04-18 15:43 GMT

ഇസ്രായേലില്‍ കോവിഡ് വ്യാപനം കുറഞ്ഞു. ഇതോടെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഹെസി ലെവിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മാസ്‌ക് ഒഴിവാക്കരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇസ്രായേലില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. കോവിഡ് വാക്സിനേഷനിലൂടെയാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാക്സിനേഷന്‍ തുടങ്ങിയത്. 49,61,238 പേര്‍ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു.

Advertising
Advertising

836706 പേര്‍ക്കാണ് ഇതുവരെ ഇസ്രായേലില്‍ കോവിഡ് ബാധിച്ചത്. 6314 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 3000ല്‍ താഴെ ആളുകളാണ് കോവിഡ് ബാധിതരായുള്ളത്. കോവിഡ് വാക്‌സിനേഷനില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളേക്കാള്‍ മുന്നിലായിരുന്നു ഇസ്രായേല്‍. വാക്‌സിന്‍ നിര്‍മാതാക്കളുമായി വേഗം ധാരണയിലെത്തി വാക്സിനേഷന്‍ തുടങ്ങുകയായിരുന്നു.

അതേസമയം വാക്സിന്‍ വിതരണത്തില്‍ വിവേചനമുണ്ടെന്ന് പരാതിയുണ്ട്. വെസ്റ്റ്ബാങ്കിലും ഗസ മുനമ്പിലുള്ള ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ മതിയായ ഡോസ് വാക്സിന്‍ നല്‍കുന്നില്ല. രണ്ട് മില്യണ്‍ ആളുകളുള്ള ഗസയില്‍ 80,000 ഡോസ് വാക്സിന്‍ മാത്രമാണ് ഇതുവരെ നല്‍കിയതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്ത് ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. പട്ടാള ഭരണത്തിന് കീഴിലുള്ള ഈ പ്രദേശത്തുള്ളവര്‍ മഹാമാരിക്കാലത്തുപോലും കടുത്ത വിവേചനമാണ് നേരിടുന്നത്. ഓസ്ലോ കരാറനുസരിച്ച് ഇസ്രായേലും ഫലസ്തീൻ അതോറിറ്റിയും സംയുക്തമായി പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രത്യേകം നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News