നിക്ഷേപ വഴിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി യു.എ.ഇയും ഇസ്രായേലും

ഇസ്രായേലിൽ ഊര്‍ജം, നിര്‍മാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും യു.എ.ഇ നിക്ഷേപം

Update: 2021-03-14 02:27 GMT

കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപ വഴിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി യു.എ.ഇയും ഇസ്രായേലും. ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ യുഎഇ തീരുമാനിച്ചു. യു.എ.ഇയിൽ കൂടുതൽ മുതൽമുടക്കിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് ഇസ്രായേലും അറിയിച്ചു.

ഇസ്രായേലിൽ ഊര്‍ജം, നിര്‍മാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും യു.എ.ഇ നിക്ഷേപം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വിപുലപ്പെടുത്താൻ നിക്ഷേപക നിധിയും സഹായകമാകും.

സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് നിക്ഷേപക നിധിയിലേക്ക് തുക സ്വരൂപിക്കുക. അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ കഴിഞ്ഞ ദിവസം ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തു.

നെതന്യാഹുവിന്‍റെ യുഎഇ സന്ദര്‍ശനം നീട്ടിവെച്ച സാഹചര്യത്തിലാണ് ടെലിഫോണ്‍ സംഭാഷണം. ഇസ്രയേലുമായി കഴിഞ്ഞ വർഷമാണ് യു.എ.ഇ സമാധാന കരാറിൽ ഒപ്പുവെച്ചത്.

Tags:    

Similar News