സിറിയയിലേക്കുള്ള കപ്പലുകളെ ഇസ്രായേൽ ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്
പ്രതിഷേധിച്ച് ഇറാനും സിറിയയും മൗനം പാലിച്ച് ബൈഡൻ ഭരണകൂടം.
രണ്ടു വർഷത്തിനിടെ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരേ ഇസ്രായേൽ ബോംബ് വർഷിച്ചതായ വെളിപ്പെടുത്തലിൽ ശക്തമായ പ്രതിഷേധവുമായി ഇറാൻ. പശ്ചിമേഷ്യയിൽ സംഘർഷം രൂപപ്പെടുത്താനുള്ള ഇസ്രായേൽ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് തെഹ്റാനും സിറിയയും കുറ്റെപ്പടുത്തി. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജല കുഴിബോംബുകൾ സ്ഥാപിച്ചും മറ്റുമാണ് കപ്പലുകൾക്കെതിരേ ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇറാന്‍റെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടവയിൽ കൂടുതലും. സിറിയയിൽ ഇറാൻ ഇടപെടുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.
അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് മേഖലയിൽ ഇസ്രായേൽ നടത്തുന്ന വിധ്വംസക നടപടികൾക്കു നേരെ അന്താരാഷ്ട്ര സമൂഹം കണ്ണടക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ കപ്പലുകൾ തകർന്നില്ലെങ്കിലും തിരിച്ചുപോകാൻ നിർബന്ധിതമായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം തങ്ങളുടെ എണ്ണ ടാങ്കർ ആക്രമിച്ചതിനു പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്രായേൽ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ട്രംപിന്‍റെ ഭരണകാലത്ത് യു.എസ് സഹകരണത്തോടെയാണ് കപ്പലുകൾക്കു നേരെ തന്ത്രപരമായ ആക്രമണം ഇസ്രായേൽ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം വിസമ്മതിക്കുകയാണ്.