''നേമം ബി.ജെ.പി കോട്ടയല്ല, യു.ഡിഎഫിന് വിജയം ഉറപ്പ്''
നേമം ബി.ജെ.പിയുടെ ശക്തി കേന്ദ്രമല്ലെന്ന് രമേശ് ചെന്നിത്തല
നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ എം.പി. സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ വിളിച്ചിരുന്നു. സ്ഥാനാർഥിയാക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നൽകിയത് കൊണ്ടാണ് കോൺഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരൻ പറഞ്ഞു.
അതിനിടെ, നേമത്ത് മുരളീധരൻ തന്നെയെന്ന് രമേശ് ചെന്നിത്തലയും സൂചന നൽകി. നേമത്തെ സ്ഥാനാർത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ ബി.ജെ.പിയെയും എൽ.ഡി.എഫിനെയും തറപറ്റിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേമം ബി.ജെ.പിയുടെ ശക്തി കേന്ദ്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, യു.ഡി.എഫിന് നേമത്ത് ജയം ഉറപ്പാണെന്നും കൂട്ടിച്ചേർത്തു. മുരളീധരൻ സമുന്നതനായ നേതാവാണ്. നേരത്തെയും മുരളീധരൻ കുമ്മനത്തെ തോൽപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.