ഇത്തവണ ഇല്ലെന്നായിരുന്നു ഷാജിയുടെ നിലപാട്, ഞങ്ങൾ നിർബന്ധിച്ചാണ് മത്സരത്തിനിറക്കുന്നത്: കെ സുധാകരൻ
"ഷാജി കഴിഞ്ഞതിനേക്കാൾ ഭൂരിപക്ഷത്തിന് അഴീക്കോട്ടു നിന്ന് വിജയിച്ചു വരും"
കണ്ണൂർ: കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇത്തവണ മത്സരരംഗത്തേക്കില്ല എന്നായിരുന്നു ഷാജിയുടെ നിലപാട്. തങ്ങൾ നിർബന്ധിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഷാജി കാസർക്കോട്ടേക്ക് പോകുമെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാർത്തയാണ്. ഷാജിയോ ലീഗിന്റെ നേതൃത്വമോ പറഞ്ഞിരുന്നോ ഷാജി കാസർക്കോട്ടേക്ക് പോകുമെന്ന്? മാധ്യമങ്ങൾ ഉണ്ടാക്കിയ കടങ്കഥയാണത്. അതിന് ഉത്തരം പറയേണ്ടത് നിങ്ങളാണ്. ഇത്തവണ മത്സരമേ വേണ്ട എന്നായിരുന്നു ഷാജിയുടെ ആദ്യത്തെ താത്പര്യം. അതാണ് സത്യം. മത്സരരംഗത്ത് ഇറങ്ങുന്നതിൽ അദ്ദേഹത്തിന് കുറേയേറെ കുടുംബപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു കൊണ്ട് മത്സരിക്കാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാസർക്കോടോ കണ്ണൂരോ എന്നതായിരുന്നില്ല വിഷയം. പിന്നീട് ഞങ്ങളൊക്കെ സഹോദര ബുദ്ധ്യാ ഉപദേശിച്ച്, നിർബന്ധിച്ചാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടിയും യുഡിഎഫ് സംവിധാനവും നിർബന്ധിച്ചു. ഷാജി കഴിഞ്ഞതിനേക്കാൾ ഭൂരിപക്ഷത്തിന് അഴീക്കോട്ടു നിന്ന് വിജയിച്ചു വരും' - സുധാരകൻ പറഞ്ഞു.
അഴിമതിക്കേസാണ് ഷാജിക്കെതിരെയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട്, എന്തഴിമതി? ഈ ചോദ്യം ചോദിക്കാൻ നാണവും മാനവുമുണ്ടോ എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ തിരിച്ചുള്ള ചോദ്യം.
'പിണറായി വിജയൻ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു സ്‌കൂൾ മാനേജ്‌മെന്റ് വാങ്ങിയ കാശ് എംഎൽഎയുടെ അക്കൗണ്ടിൽപ്പെടുത്തി അഴിമതി, അഴിമതി എന്ന് പറയുന്നത് ധാർമികതയ്ക്ക് യോജിച്ചതാണോ? നിങ്ങൾ ഈ ദിവസങ്ങളിൽ കേട്ട കഥയെന്താണ്? ഒരു കൊള്ളക്കാരനാണ് ഈ നാടു ഭരിക്കുന്നത്. ഈ രാജ്യത്തെ തലങ്ങും വിലങ്ങും കൊള്ളയടിക്കുന്ന ഒരു കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത്. ആ മുഖ്യമന്ത്രിയുടെ നാട്ടിൽ ഒരു മാനേജ്‌മെന്റ് വാങ്ങിയ പൈസ അതഴിമതിയാണ് എന്ന് പറഞ്ഞ് ഷാജിയെ കുറ്റപ്പെടുത്താൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു?' - സുധാകരൻ ചോദിച്ചു.
രമേശ് ചെന്നിത്തലയെ ബോധപൂർവ്വം പ്രതിക്കൂട്ടിൽ നിർത്താനുള്ള ആരോപണമായിരുന്നു ഐഫോണിലേത് ഇപ്പോൾ ബോധ്യമായില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
'ആ ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലുണ്ട്. ആ ഫോൺ പല കഥയും പറയും. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം തേടി മാസങ്ങൾക്കു മുമ്പ് അന്വേഷണ ഉദ്യോസ്ഥന്മാർ ഉത്തരവു വാങ്ങി കേരളത്തിലെത്തിയിട്ടുണ്ട്. തൊഴിലാളി കുടുംബത്തിൽ നിന്ന് വന്ന നേതാക്കളാണ് ഇവരൊക്കെ. ഇവരുടെ മക്കൾക്കിന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ആ ആസ്തിയുടെ ഉറവിടം തേടി അന്വേഷണ ഉദ്യോസ്ഥന്മാർ കേരളത്തിലുണ്ട്'- അദ്ദേഹം പറഞ്ഞു.
ലീഗിന്റെയും കേരള കോൺഗ്രസിന്റെയും അവകാശവാദങ്ങൾ ഞങ്ങൾ തീർക്കും. എല്ലാ കാലത്തും തർക്കങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങൾ അതു പരിഹരിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക തയ്യാറാകും- സുധാകരൻ കൂട്ടിച്ചേർത്തു.