കെ ബാബു തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രചാരണം ആരംഭിച്ചു
ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് ആണ് ബാബുവിന്റെ മുഖ്യ എതിരാളി...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബു പ്രചാരണ പരിപാടികള്‍കളില്‍ സജീവമാവുകയാണ്. രാവിലെ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാണ് ബാബു മണ്ഡലത്തിലേക്കിറങ്ങിയത്. ഇന്ന് വൈകുന്നേരമാണ് മന്ത്രിയുടെ പ്രചാരണ പരിപാടിക്ക് ഔദ്യോഗിക തുടക്കമാവുക.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രാവിലെ എട്ട് മണിയോടെയാണ് മന്ത്രി ബാബു എത്തിയത്. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന നാട്ടുകാരുമായി ആദ്യം കൊച്ചു വര്‍ത്തമാനം. പിന്നീട് ക്ഷേത്രത്തെ വലം വച്ച് പ്രാര്‍ഥനകളോടെ പുറത്തേക്ക്. വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ പൂര്‍ണത്രയീശന്റെ മുന്നില്‍ തേങ്ങയുടയ്ക്കാനും മന്ത്രി മറന്നില്ല. ഇന്നലെ വൈകുന്നേരം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായപ്പോള്‍ മാത്രമാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതെന്ന് ബാബു പറഞ്ഞു.
15000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് വിജയിച്ചത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ബാബുവിന്റെ പ്രചാരണം. ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് ആണ് ബാബുവിന്റെ മുഖ്യ എതിരാളി. ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം തന്നെയാകും എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം.