ഇടത് കോട്ടയില്‍ വിളളല്‍ വീഴ്ത്താനെത്തുന്ന യുവതുര്‍ക്കി
മുന്നണികളുടെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന റെക്കോര്‍ഡ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ആദം മുല്‍സിക്ക് സ്വന്തം...
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ ഒരു റെക്കോര്‍ഡിന് ഉടമയാണ് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി ആദം മുല്‍സി. മുന്നണികളുടെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന റെക്കോര്‍ഡ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ആദം മുല്‍സിക്ക് സ്വന്തം. ബേപ്പൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന മുന്നണികള്‍ക്കിടയിലെ ഈ ബേബി ഇടത് കോട്ടയില്‍ ഇത്തവണ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഇടത് കോട്ടയായി ബേപ്പൂരില്‍ ആദ്യഅങ്കത്തിന് ആദമെത്തുമ്പോള്‍ പ്രായം മുപ്പത്. യുഡിഎഫുകാര്‍ പോലും എതിരാളിയുടെ ലീഡ് പതിനായിരം കടക്കുമെന്ന് പ്രചരിപ്പിച്ച തിരഞ്ഞെടുപ്പില്‍ വ്യവസായമന്ത്രിയുടെ ഗ്‌ളാമര്‍ പരിവഷേത്തോടെ മത്സരരംഗത്തുണ്ടായിരുന്ന സി പി എം നേതാവ് എളമരം കരീമിനെ ആദം മുല്‍സി നിയമസഭക്കയച്ചത് ഭൂരിപക്ഷം അയ്യായിരത്തി മുന്നൂറ്റി പതിനാറില്‍ ഒതുക്കിയാണ്.
എളമരം കരീം, മുസാഫിര്‍ അഹമ്മദ്, എം മെഹബൂബ്, എന്നിവരിലൂടെ കടന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വി കെ സി മമ്മത് കോയയില്‍ ഇടത് സ്ഥാനാര്‍ത്ഥിത്വം എത്തി നില്‍ക്കുമ്പോള്‍ ഇടത് കോട്ടയില്‍ ഇത്തവണ കൈപ്പത്തി ഉയരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ യുവതുര്‍ക്കി.