ഇടുക്കി ജില്ലയിലെ റീ സര്‍വേ നടപടികള്‍ പുനരാരംഭിക്കണമെന്ന് ഹൈകോടതി
ജില്ലാ കണ്‍സ്യൂമര്‍ ഫോറം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്
ഇടുക്കി ജില്ലയിലെ റീസര്‍വെ നടപടികള്‍ പുനരാരംഭിക്കാന്‍ ഹൈകോടതി ഉത്തരവ്. ഒരു വര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കണം. ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
2007 മുതല്‍ ഇടുക്കി ജില്ലയില്‍ നിര്‍ത്തിവെച്ച റീസര്‍വെ നടപടികള്‍ പുനരാരംഭിക്കാനാണ് കോടതി ഉത്തരവ്. ഭൂമി ശാസ്ത്രപരമായ കാരണങ്ങളും വ്യാപക കയ്യേറ്റങ്ങളെയും തുടര്‍ന്നാണ് സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നത്. ഭൂമി കൈമാറ്റം നടക്കാത്തത് നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. മലയോര മേഖലയായ ഇടുക്കി ജില്ലയില്‍ ഭൂമിയുടെ ക്രയവിക്രയം നടക്കാത്തത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. റീസര്‍വെ വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സാധാരണ ജനങ്ങളെയും വലച്ചു.
ഇതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സര്‍വേയില്‍ അപാകതകളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൌഡര്‍ , കെ ടി ശങ്കരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.