വെടിക്കെട്ട് പൂര്‍ണമായി നിരോധിക്കണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍

Update: 2017-04-05 14:21 GMT
Editor : admin
വെടിക്കെട്ട് പൂര്‍ണമായി നിരോധിക്കണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍

വെടിക്കെട്ട് നിയന്ത്രണം കൊണ്ട് കാര്യമില്ല, സമ്പൂര്‍ണ വെടിക്കെട്ട് നിരോധമാണ് വേണ്ടതെന്ന് ഡിജിപി

Full View

സംസ്ഥാനത്ത് പൂര്‍ണ്ണ വെടിക്കെട്ട് നിരോധനം വേണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. നിലപാട് ഹൈക്കോടതിയെ അറിയിച്ചു. ശബ്ദമില്ലാത്ത വര്‍ണ്ണങ്ങള്‍ വിതറുന്ന വെടിക്കെട്ടുകള്‍ മാത്രം സംസ്ഥാനത്ത് മതിയെന്ന നിര്‍ദ്ദേശവും ഡിജിപി നല്‍കിയിട്ടുണ്ട്. വെടിക്കെട്ട് നിയന്ത്രണത്തിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ അഭിപ്രായം.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ബി ചിദംബരേഷ് ഹൈക്കോടതിക്ക് നല്‍കിയ കത്ത് പരിഗണിച്ചപ്പോള്‍ ഡിജിപിയുടെ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൂര്‍ണ്ണ വെടിക്കെട്ട് നിരോധനം വേണമെന്ന നിലപാട് ടി പി സെന്‍കുമാര്‍ എടുത്തത്. ഇക്കാര്യം എഴുതി തയ്യാറാക്കി ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കുകയും ചെയ്തു.
മുപ്പത് വര്‍ഷത്തെ സര്‍വ്വീസിനിടെ പല തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കണ്ടതാണെന്നും, നിയന്ത്രണം കൊണ്ട് പ്രയോജനമില്ലെന്നും ഡിജിപി വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ വെടിക്കെട്ട് നിയന്ത്രണ കാര്യത്തില്‍ വിവാദം ഉണ്ടാക്കാതെ സമവായത്തില്‍ എത്തണമെന്ന അഭിപ്രായം വി.എം സുധീരന്‍ പ്രകടിപ്പിച്ചു.

സര്‍ക്കാരിന് മുന്നില് പൂര്‍ണ്ണ വെടിക്കെട്ട് നിരോധനമെന്ന ആശയമല്ല നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ഡിജിപി എടുത്ത നിലപാട് ശ്രദ്ധേയമാണ്. വെടിക്കെട്ട് നിരോധിക്കാനാവില്ല, നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News