വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിയെ കുഴയ്ക്കുന്നു

Update: 2017-04-19 07:03 GMT
Editor : Jaisy
വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിയെ കുഴയ്ക്കുന്നു

മലപ്പുറം ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ബിജെപിയെയും എന്‍ഡിഎയെയും പൂര്‍ണമായി തള്ളുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചിരിക്കുന്നത്

കേരളത്തില്‍ എന്‍ഡിഎയുടെ അടിത്തറ വിപുലീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ശ്രമിക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബിജെപിയെ കുഴയ്ക്കുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ബിജെപിയെയും എന്‍ഡിഎയെയും പൂര്‍ണമായി തള്ളുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചിരിക്കുന്നത്. ബിഡിജെഎസിന്റെ പ്രവര്‍ത്തനങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന വ്യക്തമായ സൂചനയും വെള്ളാപ്പള്ളി തന്റെ അനുയായികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Advertising
Advertising

ബിഡിജെഎസ് നേതൃത്വം, സി.കെ ജാനു എന്നിവരുമായി ചര്‍ച്ച നടത്തിയും പി.സി തോമസിനെ ഒപ്പം നിര്‍ത്തിയും കേരളത്തിലെ എന്‍ഡിഎ സംവിധാനത്തെ നിലവിലുള്ള പ്രശ്നങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് തിരിച്ചടിയാവുന്നത്. വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ഈഴവ വോട്ട് ബാങ്ക് എന്‍ ഡി എ യിലേക്ക് കൊണ്ടുവരാമെന്ന സ്വപ്നമാണ് ബിഡിജെഎസിന്റെ രൂപീകരണത്തിലും അവരെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുന്നതിലും എത്തിയത്. ആ സ്വപ്നം നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നുവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് നടപ്പാവുമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം വൈകാതെ തന്നെ വെള്ളാപ്പള്ളി നടേശന്‍ ബിജെപിയെ എതിര്‍ത്തും പിണറായി വിജയനെ അനുകൂലിച്ചും പ്രസ്താവനകളിറക്കിത്തുടങ്ങി.

കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലും സിപിഎമ്മിനെയോ എസ് എഫ് ഐയെയോ പരിധിവിട്ട് കടന്നാക്രമിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. എന്‍ഡിഎ ഘടകകക്ഷികളുടെ യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുന്നുണ്ടെങ്കിലും വെള്ളാപ്പള്ളി നടേശന്റെ സ്വാധീനം നന്നായി അറിയാവുന്ന ബിജെപി നേതൃത്വം അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ പുതിയ വഴി കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News