അര്‍ഹമായ പ്രാതിനിധ്യമില്ല, സ്ത്രീകളുടെ വോട്ട് നോട്ടയ്ക്ക്

Update: 2017-06-21 11:52 GMT
Editor : admin
അര്‍ഹമായ പ്രാതിനിധ്യമില്ല, സ്ത്രീകളുടെ വോട്ട് നോട്ടയ്ക്ക്

നിയമസഭാതെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വോട്ട് നിഷേധത്തിന് വനിതാകൂട്ടായ്മ തയ്യാറെടുക്കുന്നത്

Full View

നോട്ടയ്ക്ക് വോട്ട് കുത്താന്‍ സ്ത്രീകളൊരുങ്ങുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വോട്ട് നിഷേധത്തിന് വനിതാകൂട്ടായ്മ തയ്യാറെടുക്കുന്നത്. ഭൂരിപക്ഷവും വനിതാവോട്ടര്‍മാരായിരിക്കെ തെരഞ്ഞെടുപ്പില്‍ വനിതകളോടുളള അവഗണനയ്ക്കെതിരെ ലിംഗനീതിക്ക് വേണ്ടി പെണ്‍കൂട്ടായ്മ എന്ന പേരില്‍ പ്രചാരണത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍.

കേരളത്തില്‍ ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെ. ആദ്യം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച മുസ്ലീംലീഗ് മത്സരിക്കുന്നത് 24 സീറ്റില്‍. വനിതാസ്ഥാനാര്‍ത്ഥിയില്ല. 15 സീറ്റില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിലും ഏഴ് സീറ്റില്‍ മത്സരിക്കുന്ന ജനതാദള്‍ യു വിലും അഞ്ച് സീറ്റില്‍ മത്സരിക്കുന്ന ആര്‍ എസ്പിക്കും ഒരു വനിതാസ്ഥാനാര്‍ത്ഥി പോലുമില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് മത്സരിക്കുന്നത് 9 സ്ത്രീകള്‍. എല്‍ഡിഎഫില്‍ നിന്ന് 17 പേര്‍ മത്സരരംഗത്തുണ്ട് സി പി എമ്മില്‍ നിന്ന് 12 ഉം സി പി ഐയില്‍ നിന്ന് 4 ഉം ജെ‍‍‍ഡിഎസില്‍ നിന്നും ഒരാളും. എന്‍ഡിഎയില്‍ 12 പേരാണ് വനിതാസ്ഥാനാര്‍ത്ഥികള്‍. മറ്റ് ചെറു പാര്‍ട്ടികളും വിരലിലെണ്ണാവുന്ന വനിതകളെ മാത്രമാണ് മത്സരരംഗത്തിറക്കുന്നത്.

Advertising
Advertising

1957ലെ ആദ്യ നിയമസഭമുതല്‍ 2011 വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ വനിതാപ്രാതിനിധ്യം 10 ശതമാനത്തില്‍ കൂടിയിട്ടില്ല. ഇത്തവണയും ഇത് തന്നെ സ്ഥിതി. ഈ സാഹചര്യത്തിലാണ് സ്ത്രീകളെ ബോധപൂര്‍വ്വം അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പ്രവണതക്കെതിരെ
പെണ്‍കൂട്ടായമ രംഗത്ത് വരുന്നത്.

ഇതിന്റെ ഭാഗമായി പാതിസീറ്റുകളില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തയ്യാറില്ലെങ്കില്‍ വോട്ടുചെയ്യാന്‍ ഞങ്ങളും തയ്യാറല്ല. ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക് എന്ന പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകരായ പി ഗീത, ഡോ. ജാന്‍സി ജോസ്, അഡ്വ. സുധ ഹരിദ്വാര്‍ , സുല്‍ഫത്ത് എം, ദീദി ദാമോദരന്‍ തുടങ്ങിയവരാണ് പെണ്‍കൂട്ടായ്മയുടെ പേരില്‍ പ്രചരണത്തിനൊരുങ്ങുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News