കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

Update: 2017-11-24 14:32 GMT
Editor : admin
കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

വയനാട് കേണിച്ചിറക്കടുത്ത് മൂന്നാനക്കുഴിയില്‍ കര്‍ഷകന്റെ ആത്മഹത്യക്കിടയാക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം

Full View

വയനാട് കേണിച്ചിറക്കടുത്ത് മൂന്നാനക്കുഴിയില്‍ കര്‍ഷകന്റെ ആത്മഹത്യക്കിടയാക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ആത്മഹത്യ ചെയ്ത യൂക്കാലി കവല സ്വദേശി ബിജു മോന്റെ മൃതദേഹവുമായിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഡിവൈഎസ്‍പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

Advertising
Advertising

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ലോഡ്ജിലാണ് കര്‍ഷകനായ ബിജു മോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ രാജുവും മറ്റു രണ്ട് പേരുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബിജുമോനെ അയല്‍വാസിയായ രാജുവും സംഘവും പലവട്ടം മര്‍ദിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ബിജുമോനെതിരെയാണ് കേസെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന്റെ മനോവിഷമം മൂലം ബിജുമോന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ബിജുമോന്റെ മൃതദേഹവുമായി നൂറു കണക്കിന് നാട്ടുകാര്‍ രാജുവിന്റെ വീട് ഉപരോധിച്ചു. സ്ഥലത്തെത്തിയ പോലീസുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെ ബിജുമോനെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. സ്ഥലത്തെത്തിയ ഡിവൈഎസ്‍പി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്‍പി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍‌കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News