ചിരിവരയില്‍ പ്രതിഫലിച്ചത് മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം

Update: 2018-05-02 16:26 GMT
Editor : admin | admin : admin
ചിരിവരയില്‍ പ്രതിഫലിച്ചത് മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം

അര നൂറ്റാണ്ട് കാലത്തെ മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതമാണ് ബോബനും മോളിയുമെന്ന കാര്‍ട്ടൂണിലൂടെ ടോംസ് പ്രതിഫലിപ്പിച്ചത്.

വരയിലൂടെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റായിരുന്നു ടോംസ്. ബോബനും മോളിയും എന്ന കാര്‍ട്ടൂണാണ് ടോംസിനെ പ്രശസ്തനാക്കിയത്. അര നൂറ്റാണ്ട് കാലത്തെ മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതമാണ് ബോബനും മോളിയുമെന്ന കാര്‍ട്ടൂണിലൂടെ ടോംസ് പ്രതിഫലിപ്പിച്ചത്.

മലയാളിയെ മാസികയുടെ പിന്നില്‍ നിന്ന് വായിക്കാന്‍ ശീലിപ്പിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ടോംസ് എന്ന് വിളിപ്പേരുള്ള വി ടി തോമസ്. 1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ടായിരുന്നു ജനനം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വരയില്‍ താത്പര്യമുണ്ടായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് മദ്രാസില്‍ ബ്രിട്ടീഷ്സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ടോംസ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചേട്ടന്‍ പീറ്ററിന്റെ പ്രോത്സാഹനത്തില്‍ കാര്‍ട്ടൂണ്‍ രംഗത്തേക്ക് തിരിഞ്ഞു. ദീപികയില്‍ കാര്‍ട്ടൂണിസ്റ്റായി ഔദ്യോഗിക ജീവിതം തുടങ്ങിയ ടോംസ് 1961 മുതല്‍ 26 വര്‍ഷം മനോരമയുടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. തന്റെ മുപ്പതാം വയസില്‍ പിറവിയെടുത്ത ബോബനും മോളിയും ടോംസിനെ കാര്‍ട്ടൂണ്‍രംഗത്ത് പ്രശസ്തനാക്കി.

Advertising
Advertising

ബോബനും മോളിയിലൂടെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തോട മലയാളിക്ക് മുന്നിലെത്തി. താന്‍ വരച്ച പടങ്ങള്‍ കാണാനെത്തുന്ന അയല്‍പക്കത്തെ കുസൃതി കുട്ടികളായിരുന്ന ബോബനും മോളിയെയുമാണ് ടോംസ് കഥാപാത്രമാക്കിയത്. അനിമേഷന്‍ സിനിമകളും കാര്‍ട്ടൂണ്‍ ചാനലുകളുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് ബോബനും മോളിയും ഉണ്ണിക്കുട്ടനും അപ്പിഹിപ്പിയും വായനക്കാരുടെ ഇഷ്ടകഥാപാത്രങ്ങളായി. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഓര്‍മകളിലെ രേഖാചിത്രം എന്ന പേരില്‍ അനുഭവക്കുറിപ്പ് എഴുതിയിട്ടുണ്ട്.

നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്നവരായിരുന്നു ടോംസിന്റെ കഥാപാത്രങ്ങളായിരുന്നത്. ആറ് പതിറ്റാണ്ട് നീണ്ട കാര്‍ട്ടൂണ്‍ ജീവിതം അവസാനിപ്പിച്ച് ടോംസ് മടങ്ങുമ്പോഴും ആ വരകളില്‍ പിറന്ന കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ ജീവിക്കും. അതിലൂടെ ടോംസും.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News