തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാല് മരണം
നിയന്ത്രണം വിട്ട ജീപ്പ് നിരവധി വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വാഹനാപകടത്തില്‍ നാല് മരണം. നിയന്ത്രണം വിട്ട ജീപ്പ് നിരവധി വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരായിരുന്ന മൂന്ന് പേരും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കണ്ണറവിള സ്വദേശി യോഹന്നാന്‍ എന്ന രാജേന്ദ്രന്‍, ഓട്ടോയാത്രക്കാരി നെല്ലിമൂട് സ്വദേശി ചെല്ലക്കുട്ടിയെന്ന ബേബി, ബൈക്ക് യാത്രികന്‍ കാഞ്ഞിരംകുളം സ്വദേശി ശശി, എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ശശി അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ജീപ്പ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കാരയ്ക്കാമണ്ഡപം സ്വദേശിയായ ജീപ്പ് ഡ്രൈവര്‍ വിജയകുമാറിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ അകപടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ജീപ്പ് കത്തിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി.