പുത്തൂർ സുവോളജിക്കൽ പാർക്കില്‍ മൃഗങ്ങള്‍ക്കായി കൂടൊരുങ്ങുന്നു
മൂന്ന് ഘട്ടങ്ങളിലായി മുന്നൂറ്റി മുപ്പത്തിയാറ് ഏക്കർ ഭൂമിയിൽ ഒരുക്കുന്ന മൃഗശാല ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ്.
തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൃഗങ്ങൾക്കായുള്ള കൂടുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജു നിർവ്വഹിച്ചു. മുന്നൂറ്റിമുപ്പത്തിയാറ് ഏക്കർ സ്ഥലത്താണ് സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ ചർച്ചകൾ തുടങ്ങിയിട്ട് . പല കാര്യങ്ങളിലായി മൂന്ന് ഉദ്ഘാടനങ്ങൾ കഴിഞ്ഞു.ഒടുവിൽ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനവും. മൂന്ന് ഘട്ടങ്ങളിലായി മുന്നൂറ്റി മുപ്പത്തിയാറ് ഏക്കർ ഭൂമിയിൽ ഒരുക്കുന്ന മൃഗശാല ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ്. ആദ്യ ഘട്ടത്തിൽ പക്ഷികൾ, പുലി, കരിങ്കുരങ്ങ്, സിംഹം എന്നിവയ്ക്കുള്ള കൂടുകളാണ് ഉണ്ടാക്കുക. മന്ത്രി കെ രാജു കൂടുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.
ജലവിതരണവും വൈദ്യുതീകരണവും സമാന്തരമായി ആദ്യഘട്ടത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.ടിക്കറ്റ് കൗണ്ടർ പാർക്കിംഗ് ഏരിയ എന്നിവയും ഇതിനോടൊപ്പം നിർമ്മിക്കും. പ്ലാൻ അനുസരിച്ച് അധികമായി വേണ്ട ഭൂമി ഏറ്റെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലെ മൃഗശാലയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര അതോറിറ്റി നിർദ്ദേശം നൽകിയ സാഹചര്യത്തിൽ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.